നിമിഷപ്രിയയുടെ മോചനം: അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി

നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. ഹർജി ഇന്ന് സുപ്രീം കോടതിക്ക് മുമ്പാകെ പരാമർശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഹർജിയിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
നിമിഷപ്രിയയുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ തേടി കഴിഞ്ഞ ദിവസം എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും കത്തയച്ചിരുന്നു. ജോൺ ബ്രിട്ടാസ്, കെ രാധാകൃഷ്ണൻ എന്നിവരാണ് കത്തയച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ നടപടി ഒഴിവാക്കാനുള്ള ഇടപെടൽ നിർണായകമാണെന്ന് ജോൺ ബ്രിട്ടാസ് അയച്ച കത്തിൽ പറയുന്നു
ഈ മാസം 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഇതുസംബന്ധിച്ച കത്ത് ജയിൽ അധികൃതർക്ക് കൈമാറിയെന്നാണ് വിവരം. ഇനി ആറ് ദിവസം മാത്രമാണ് വധശിക്ഷ നടപ്പാക്കാൻ ശേഷിക്കുന്നത്.