Kerala

ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന് കെ സുരേന്ദ്രന്‍

കേരളത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഓണ്‍ലൈന്‍ മീഡിയകള്‍ക്കു മാത്രമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

പാലക്കാട്: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എഎംല്‍എയെ എന്തിനാണ് മത്സരിപ്പിച്ചത്. തൃശൂരില്‍നിന്നും ഷാഫിയെ എന്തുകൊണ്ടാണ് വടകരയിലേക്കു മാറ്റിയത്. ഇതില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ച് മതംനോക്കി വെട്ട് ചെയ്താല്‍ എങ്ങനെ അത് സെക്യുലര്‍ വോട്ടാവും. തൃശൂരില്‍ പരാജയപ്പെട്ട അതേ രാഷ്ട്രീയ സാഹചര്യമാണ് ചേലക്കരിയിലും നിലനില്‍ക്കുന്നത്. എല്‍ഡിഎഫ് യുഡിഫ് മുന്നണികളെ കാത്തിരിക്കുന്നത് തൃശൂരിലെ അവസ്ഥയാണ്. ബിജെപി സ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിക്കും. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരും. തങ്ങളുടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല. അത് കാത്തിരുന്ന് കാണാവുന്നതാണ്. ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനേയും യുഡിഎഫിനേയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇരുമുന്നണികളും നയങ്ങളിലും നിലപാടുകളിലും ഒരുപോലെയായിരിക്കുന്നു.

വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ ഉപതെരഞ്ഞെടുപ്പിലും ഇരുമുന്നണികളും കളിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിണറായി സര്‍ക്കാരിനെതിരേ നടത്തുന്നത് വെറും നിഴല്‍യുദ്ധമാണ്. അന്‍വര്‍ ഉന്നയിച്ച വിഷയം നിയമസഭയില്‍ അടിയന്തര പ്രമേയമായി വന്ന വിഷയമാണ്. പക്ഷേ യുഡിഎഫ് അത് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ നടക്കുന്ന മയക്കുമരുന്ന് കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ ഇരു മുന്നണികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ യുഡിഎഫിന് താല്‍പര്യമില്ല. അവിടെ ആര് വീട് നിര്‍മാണത്തിന് സ്ഥലം അനുവദിക്കും. ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ സഹായംപോലും ചെയ്തിട്ടില്ല. എല്ലാം ചെയ്തത് കേന്ദ്ര സര്‍ക്കാരാണ്. എന്‍ഡിആര്‍എഫും സൈന്യവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലല്ലേ വരുന്നതെന്നും ബിജെപി പ്രസിഡന്റ് ചോദിച്ചു.

Related Articles

Back to top button
error: Content is protected !!