യുഎഇയില്‍ ലോട്ടറി നടത്താന്‍ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രം അനുമതി

അബുദാബി: യുഎഇയില്‍ ലോട്ടറി നടത്താന്‍ നിലവിലുള്ളവയില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അവകാശമുണ്ടായിരിക്കൂവെന്നും ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടണമെന്നും അധികൃതര്‍. മൂന്നെണ്ണത്തിന് മാത്രമേ ലോട്ടറിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടത്താന്‍ അനുമതിയുള്ളൂവെന്ന് ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി വ്യക്തമാക്കി. യുഎഇ ലോട്ടറിയുടെ നടത്തിപ്പുകാരായ ദ ഗെയിം എല്‍എല്‍സിക്ക് മാത്രമാണ് അതോറിറ്റിക്ക് കീഴില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.
ഇതിന് പുറമേ നിലവിലുള്ള ചിലതിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റും ദുബൈ ഡ്യൂട്ടി ഫ്രീയുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവയ്ക്ക് നല്‍കിയിരിക്കുന്നത് 30 വര്‍ഷത്തെ കാലാവധിയാണ്. അതോറിറ്റിക്ക് കീഴില്‍ ഇവയ്ക്ക് തങ്ങളുടെ നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വരെയാണ് ഇവര്‍ക്കുള്ള അനുമതിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.