National

വൈറലാകാന്‍ ലേബര്‍ റൂമില്‍ കയറി ഭാര്യയുടെ പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു; വ്‌ളോഗര്‍ ഇര്‍ഫാനെതിരെ കേസ്

ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം

ചെന്നൈ: ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യുട്യൂബിലൂടെ പ്രചരിപ്പിച്ച യുട്യൂബര്‍ക്കെതിരെ ശക്തമായ നടപടിക്ക് തമിഴ്‌നാട് സര്‍ക്കാര്‍. യുട്യൂബ്, ഫുഡ് വ്‌ളോഗറായ മുഹമ്മദ് ഇര്‍ഫാനെതിരെയാണ് കേസെടുത്തത്. യുവാവിനെ ലേബര്‍ റൂമില്‍ പ്രവേശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ച ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും ഡോക്ടര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ ചെമ്മഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാന്‍ സ്വകാര്യ ആശുപത്രിയില്‍ നടന്ന തന്റെ ഭാര്യയുടെ പ്രസവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. കുട്ടിയുടെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയതും ഇയാളായിരുന്നു. പൊക്കിള്‍ക്കൊടി വേര്‍പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ തന്റെ യുട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിവാദമായതിനു പിന്നാലെ വിഡിയോ ചാനലില്‍നിന്ന് നീക്കി. അതിനിടയില്‍ ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. ഭാര്യ ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിര്‍ണയ പരിശോധന നടത്തുകയും വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇര്‍ഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു. ദുബൈയില്‍ വെച്ചായിരുന്നു ആ വീഡിയോ എടുത്തതെന്നും അവിടെ ലിംഗ നിര്‍ണയം അനുവദനീയമാണെന്നും അന്ന് ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ നിയമം അനുസരിച്ച് തെറ്റായതിനാലാണ് ഇതിനെതിരെ കേസ് എടുത്തത്.

ഇര്‍ഫാനില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഓപറേഷന്‍ തിയേറ്ററില്‍ കയറിയത് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം അനുസരിച്ച് ഗുരുതരമായ ലംഘനമാണെന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രി സുബ്രഹ്‌മണ്യം വ്യക്തമാക്കി.

Related Articles

Back to top button