മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു; 2376 പേർക്ക് പരുക്ക്

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 1,002 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,376 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മ്യാൻമറിലെ ജനകീയ നേതാവ് ആങ് സാൻ സൂകിയെ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് വിവരം. സൂകി ജയിലിൽ സുരക്ഷിതയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
തായ്‌ലാൻഡിലെ ബാങ്കോക്കിൽ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി. മ്യാൻമറിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചു.