രാഹുൽ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും. നാളെ രാവിലെ രാഹുൽ ഗാന്ധി സംഭലിലേക്ക് പോകും. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലലിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭൽ സന്ദർശിക്കാൻ എത്തിയിരുന്നുവെങ്കിലും പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭലിലേക്ക് പോകാൻ രാഹുൽ തീരുമാനിച്ചത്
നേരത്തെ മുസ്ലിം ലീഗ് എംപിമാരുടെ സംഘത്തെയും യുപി അതിർത്തിയിൽ വെച്ച് പോലീസ് തടഞ്ഞിരുന്നു. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘർഷബാധിത ജില്ലയിൽ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടന പ്രതിനിധികളോ അടക്കം പുറത്തുനിന്നാരും പ്രവേശിക്കരുതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.