എല്ലാവർക്കും ഇനി ട്രെയിനിൽ ലോവർ ബെർത്ത് കിട്ടില്ല’; പുതിയ തീരുമാനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനിലെ ലോവർ ബെർത്തുകൾ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമായി മാറ്റി വയ്ക്കുമെന്ന് ഇന്ത്യൻ റെയിൽവേ. മുതിർന്ന പൗരന്മാർക്ക് ഉയരത്തിലുള്ള ബെർത്തുകളിലുള്ള യാത്രകൾ മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാലാണ് പുതിയ തീരുമാനം. ഓട്ടോമാറ്റിക് അലോക്കേഷനിലൂടെ ഈ തീരുമാനം നടപ്പിലാക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഗർഭിണികൾ, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് ലഭിക്കുന്ന വിധത്തിലായിരിക്കും പുതിയ അലോട്മെന്‍റ്. അതിനൊപ്പം ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്കു വേണ്ടി മാറ്റി വയ്ക്കും. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഇതു തീരുമാനിക്കുക.
സ്ലീപ്പർ ക്ലാസിൽ 7 ലോവർ ബെർത്തുകളും തേർഡ് എസിയിൽ 5 എണ്ണവും സെക്കൻഡ് എസിയിൽ 4 ബെർത്തുകളും ഇത്തരത്തിൽ സ്ത്രീകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കായി മാറ്റിവയ്ക്കും. രാജധാനി ശതാബ്ദി ട്രെയിനുകളിലും എല്ലാ എക്സ്പ്രസ്, മെയിൽ സർവീസുകളിലും ഈ സൗകര്യം ഉറപ്പാക്കും.