വിഷ്ണു വിശാലിന്റെ ‘ആര്യൻ’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നടൻ വിഷ്ണു വിശാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ആര്യൻ’ ഒക്ടോബർ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക.
‘രാക്ഷസൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വിഷ്ണു വിശാൽ ഒരു പോലീസ് വേഷത്തിൽ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ‘ആര്യൻ’ സിനിമയ്ക്കുണ്ട്. 2022-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. സംവിധായകൻ പ്രവീൺ കെ. ഒരുക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ പുതിയ റിലീസ് തീയതി വിഷ്ണു വിശാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 34 മാസത്തെ കാത്തിരിപ്പിന് ശേഷം തന്റെ ഏറ്റവും മികച്ച സിനിമയുമായി തിരികെ വരുന്നു എന്നാണ് താരം കുറിച്ചത്. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാം സി.എസ്. ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.