സാലികിന് 82.2 കോടി ദിര്‍ഹം ലാഭം
ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ സാലിക് കമ്പനിക്ക് 82.2 കോടി ദിര്‍ഹം ലാഭം. ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലത്താണ് കമ്പനി നികുതിയെല്ലാം കഴിച്ച് ഇത്രയും മികച്ച ലാഭം കരസ്ഥമാക്കിയിരിക്കുന്നത്. 2023ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.4 ശതമാനത്തിന്റെ വര്‍ധനവ് വരുമാനത്തില്‍ നേടാനായിട്ടുണ്ട്. ആകെ വരുമാനത്തിന്റെ 86.7 ശതമാനവും കമ്പനിക്ക് ലഭിച്ചത് വിവിധ ടോള്‍ ഗേറ്റുകളില്‍നിന്നാണ്. ടോള്‍ ഇനത്തില്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 142.22 കോടി ദിര്‍ഹമാണ് ലഭിച്ചത്.
ടോളിലൂടെ മൂന്നാം പാദത്തില്‍ മാത്രം കിട്ടിയ വരുമാനം 46.84 കോടി ദിര്‍ഹമാണ്. ഈ ഇനത്തില്‍ 5.1 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്. 35.56 കോടി ട്രിപുകളില്‍നിന്നായാണ് വരുമാനം ലഭിച്ചത്. നികുതി നല്‍കുന്നതിന് മുന്‍പത്തെ ലാഭം 111.5 കോടി ദിര്‍ഹമാണ്. അതായത് 2023മായി താരതമ്യം ചെയ്താല്‍ വര്‍ധനവ് 8.9 ശതമാനം. ദുബൈയുടെ ചലനാത്മകതക്ക് സാലിക് നല്‍കുന്ന പ്രതിബദ്ധതയുള്ള സേവനങ്ങളാണ് നേട്ടത്തിന് കാരണമെന്ന് സാലിക് ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് ചെയര്‍മാന്‍ മത്താര്‍ അല്‍ തായെര്‍ അഭിപ്രായപ്പെട്ടു. മൂന്നാം പാദത്തിലെ മികച്ച പ്രകടനമാണ് ലാഭം വര്‍ധിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നതെന്ന് സാലിക് സിഇഒ ഇബ്രാഹീം സുല്‍ത്താന്‍ അല്‍ ഹദ്ദാദും പറഞ്ഞു.