കന്നഡ സംസാരിക്കാൻ വിസമ്മതിച്ചു കുടുങ്ങി; എസ് ബി ഐ മാനേജരെ സ്ഥലം മാറ്റി

ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയിൽ ഇടപാടുകാരനോട് കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജർക്കെതിരെ നടപടി. കർണാടക മുഖ്യമന്ത്രിയും സ്ഥലം എംപിയുമടക്കം നിരവധി പ്രമുഖർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബാങ്ക് മാനേജറെ സ്ഥലം മാറ്റാൻ എസ്ബിഐ തീരുമാനിച്ചത്.
ഉപഭോക്താക്കളോട് ബഹുമാനത്തോടെയും അന്തസ്സോടെയും മാത്രമേ പെരുമാറാവൂ എന്നും, പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും എസ്ബിഐ നിർദ്ദേശിച്ചു. ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ യാതൊരു ദയയും ഉണ്ടാകില്ലെന്നും ബാങ്ക് വ്യക്തമാക്കി.
ചന്ദാപുരയിലെ എസ്ബിഐ ശാഖയിൽ ഇടപാടിനായി എത്തിയ ഒരു ഉപഭോക്താവ് മാനേജരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ‘ഇത് ഇന്ത്യയാണ്’ എന്ന് പറഞ്ഞുകൊണ്ട് മാനേജർ ഈ ആവശ്യം നിരസിച്ചു. ഉപഭോക്താവ് വീണ്ടും കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ‘ഇല്ല, ഞാൻ ഹിന്ദി സംസാരിക്കും’ എന്നായിരുന്നു മാനേജരുടെ മറുപടി. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി.
ഈ വിഷയം രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതോടെയാണ് മാനേജർക്കെതിരെ നടപടിയുണ്ടായത്. മാനേജരുടെ ഈ സ്വഭാവം അംഗീകരിക്കാനാകാത്തതാണെന്നും, കന്നഡയും ഇംഗ്ലീഷും സംസാരിക്കാൻ വിമുഖത കാണിക്കുന്നത് അപലപനീയമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. മാനേജരെ സ്ഥലം മാറ്റാനുള്ള എസ്ബിഐയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.