
അറ്റ്ലാന്റ: യു.എസ്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സി.ഡി.സി) അറ്റ്ലാന്റയിലെ ആസ്ഥാനത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ആക്രമിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമിയുടെ വെടിയേറ്റതാണോ അതോ സ്വയം വെടിവച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എമോറി യൂണിവേഴ്സിറ്റി ക്യാമ്പസിനും സി.ഡി.സി. ആസ്ഥാനത്തിനും സമീപത്തെ സി.വി.എസ്. സ്റ്റോറിലാണ് വെടിവയ്പ്പുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ ഡേവിഡ് റോസ് എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
പാത്തലോജിസ്റ്റായി ജോലി ചെയ്യുന്ന 30-കാരനായ പാട്രിക് ജോസഫ് വൈറ്റ് ആണ് അക്രമിയെന്ന് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ജി.ബി.ഐ) അറിയിച്ചു. ഇയാൾക്ക് വാക്സിൻ വിരുദ്ധ നിലപാടുകൾ ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു.
അക്രമിയുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടായിരുന്നതായും, സി.ഡി.സി. കെട്ടിടത്തിന്റെ ജനലുകൾക്ക് നേരെയും ഇയാൾ വെടിയുതിർത്തതായും പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സി.ഡി.സി. ക്യാമ്പസിൽ ഉണ്ടായിരുന്ന 92 കുട്ടികളെ സുരക്ഷിതമായി മാറ്റിയെന്ന് അറ്റ്ലാന്റ മേയർ ആൻഡ്രേ ഡിക്കൻസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.