Kerala
സിഗ്നൽ ഓഫ് ചെയ്യണം, പോലീസുകാർ റോഡിലിറങ്ങി നിയന്ത്രിക്കണം; കൊച്ചിയിലെ ഗതാഗത കുരുക്കിൽ ഹൈക്കോടതി

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിർദേശവുമായി ഹൈക്കോടതി. പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ സിഗ്നൽ ഓഫ് ചെയ്യണം.
രാവിലെ 8.30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7.30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് ഹൈക്കോടതി നിർദേശം. ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ പോലീസുകാർ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വകാര്യ ബസുകളുടെ സമയക്രമത്തിൽ സർക്കാരിനെയും ഹൈക്കോടതി വിമർശിച്ചു. 15 ദിവസത്തിനകം യോഗം ചേരണമെന്ന് നിർദേശിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 10നുള്ളിൽ യോഗം ചേരണമെന്ന് കോടതി നിർദേശിച്ചു.