National
മുടി വെട്ടി വരാൻ ആവശ്യപ്പെട്ട പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊന്നു; സംഭവം ഹരിയാനയിൽ

സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. മുടി വെട്ടാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിൻസിപ്പാളിനെ ആക്രമിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥികളാണ് കൃത്യം നടത്തിയത്.
വിദ്യാർഥികളോട് ശരിയായ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ പ്രിൻസിപ്പാളിനെ ഹിസാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളായ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.