Movies

ഓർമകളിൽ എന്നും മായാതെ ആ ചിരി; മോനിഷ വിട പറഞ്ഞിട്ട് 32 വർഷം

മലയാള സിനിമയെ ഭാവ ഭംഗി കൊണ്ടും നൃത്തച്ചുവടുകളാലും വിസമയ്പ്പിച്ച നടി മോനിഷ വിടപറഞ്ഞിട്ട് 32 വർഷങ്ങൾ പിന്നിടുന്നു. പാവയ്യ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മോനിഷ അഭിനയരംഗത്തേക്കെത്തുന്നത്. 1987 ൽ എം.ടി. വാസുദേവൻ നായരുടെ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയുള്ള മോനിഷയുടെ വരവ് മലയാള സിനിമയിൽ അത് വരെയില്ലാത്ത ഒരു ഓളം സൃഷ്ടിച്ചു. സിനിമയിൽ മിന്നിത്തിളങ്ങാൻ ലഭിച്ചത് കുറഞ്ഞ ഏഴ് വർഷങ്ങൾ മാത്രമാണെങ്കിലും നഖക്ഷതങ്ങ‌ൾ, ഋതുഭേദം, സായംസന്ധ്യ, പൂക്കൾ വിടും തൂത്, ലോയർ ഭാരതി ദേവി, ആര്യൻ, ചിരംജീവി സുധാകർ, കനകാംബരങ്ങൾ, ദ്രാവിഡൻ, അധിപൻ, കുറുപ്പിന്‍റെ കണക്കുപുസ്തകം, വീണ മീട്ടിയ വിലങ്ങുകൾ, പെരുന്തച്ചൻ, കാഴ്ചയ്ക്കപ്പുറം, വേനൽക്കിനാവുകൾ, ഉന്ന നെനച്ചേൻ പാട്ടു പഠിച്ചേൻ, തലസ്ഥാനം, ഒരു കൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, കമലദളം, ചമ്പക്കുളം തച്ചൻ, മൂൺട്രാവതു കൺ തുടങ്ങി 27 ഓളം മലയാളം-തമിഴ് സിനിമകളിൽ മോനിഷ ഭാഗമായി.

സിനിമ പ്രേമികൾക്ക് എന്നും ഓർത്തു വയ്ക്കാനുളള ഒരുപിടി കഥാപാത്രങ്ങളാണ് മോനിഷ സമ്മാനിച്ചിരിക്കുന്നത്. ആദ്യ മലയാള ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിന് 1987ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയെ തേടിയെത്തിയിരുന്നു. അവിടെ നിന്ന് മലയാള സിനിമ മോനിഷയെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. മോനിഷയ്ക്ക് പകരമാവില്ല മറ്റാരും എന്ന രീതിയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 1992 ഡിസംബർ 5 ന് ഒരു വാഹനാപകടത്തിൽ മോനിഷയെ സിനിമ പ്രേമികൾക്ക് നഷ്ടമാകുന്നത്.

ആ നഷ്ടം എക്കാലത്തെയും തീരാ ദുഃഖം തന്നെയാണ് മലയാളികൾക്ക്. ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മോനിഷയെ നഷ്ടമാവുന്നത്.

19971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബാംഗ്ലൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗ്ലൂരിലായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയാണ്. കുട്ടിക്കാലം തൊട്ടേ നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്‍റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന ‘കൌശിക അവാര്‍ഡ്’ മോനിഷയ്ക്കു ലഭിച്ചു.

Related Articles

Back to top button
error: Content is protected !!