ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു
നാളെ വൈകുന്നേരം 4.12ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. ഇഎസ്ഇ നിർമിച്ച കൊറോണ ഗ്രാഫ്, ഒക്യൂൽറ്റർ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണിത്.
സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.