തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ സാധിക്കാത്തത് ഏറ്റവും വലിയ വേദന; മോഹൻലാൽ
കൊച്ചി: ബറോസ് സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ തന്‍റെ അമ്മയെ കുറിച്ച് കുട്ടികളോട് പങ്കുവെച്ച് നടൻ മോഹൻലാൽ. സിനിമയുടെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നുവോയെന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നും കുട്ടികളിൽ ഒരാൾ ചോദിച്ചപ്പോഴാണ് അമ്മയെ കുറിച്ചുളള കാര്യങ്ങൾ മോഹൻലാൽ വ്യക്തമാക്കിയത്.
അമ്മ പത്ത് വർഷമായി കിടപ്പിലാണെന്നും തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയാത്തത് വളരെ വലിയ സങ്കടമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. “ഞാൻ ഇന്നും എന്‍റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്.
ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം. സിനിമയിലെ പാട്ടൊക്കെ ഇന്ന് ഞാൻ പോയി അമ്മയെ കേൾപ്പിച്ചു” എന്നാണ് മറുപടി നൽകിയത്.
അമ്മയെ ഒരു തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് ആ സിനിമ കാണിക്കാൻ പറ്റില്ല എന്ന സങ്കടം കൂടിയുണ്ട്. പക്ഷെ അമ്മയെ വേറൊരു തരത്തിൽ അല്ലെങ്കിൽ 2ഡിയിൽ ആക്കി ആ സിനിമ കാണിക്കും.
എന്‍റെ സിനിമകളൊക്കെ അമ്മ ടിവിയിൽ കാണാറുണ്ട്. എന്‍റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാ ണ് കാണിച്ച് കൊടുക്കാറ് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.