വ്യക്തിപ്രഭാവമുള്ള നേതാവിന്റെ നേതൃത്വത്തിൽ രാജ്യം ദേശീയതയിലേക്ക് മാറി: മോദി സ്തുതിയുമായി വീണ്ടും തരൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണ്. കോൺഗ്രസിന്റെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറി. വ്യക്തിപ്രഭാവമുള്ള നേതാവിന്റെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും തരൂർ പറഞ്ഞു
ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ. അടിയന്തരാവസ്ഥയെ വിമർശിച്ച് തരൂർ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ കടുത്ത പരാമർശങ്ങളാണ് ലേഖനത്തിലുള്ളത്. ഇതിന് പിന്നാലെയാണ് വീണ്ടും മോദി സ്തുതിയുമായി രംഗത്തുവന്നത്
നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കി തരൂർ രംഗത്തുവരുന്നത് കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. അടുത്തിടെ തരൂർ നടത്തിയ പ്രതികരണങ്ങളോടൊന്നും പ്രതികരിക്കാത്ത സമീപനമാണ് കോൺഗ്രസ് നേതൃത്വം പുലർത്തി വന്നത്. എന്നാൽ ദേശീയ കോൺഗ്രസ് നേതൃത്വം നിരന്തരം തന്നെ അവഗണിക്കുന്നുവെന്ന വികാരമാണ് തരൂരിനുള്ളത്.