ചതിച്ചാശാനേ ചതിച്ചു; ഗൂഗിൾ മാപ്പ് നോക്കി പോയ കാർ കനാലിൽ വീണു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ കനാലിലേക്ക് വീണ് അപകടം. ഉത്തർപ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ സുരക്ഷിതരാക്കി. കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ദിവ്യാൻഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നത്. കുഴിയിൽ വീണ വാഹനം ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം 24ന് സമാനമായ അപകടം ബറേലിയിൽ നടന്നിരുന്നു. രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കാർ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. പ്രളയത്തെ തുടർന്ന് പാതി വഴിയിൽ പണി നിർത്തിവച്ച പാലത്തിലൂടെ സഞ്ചരിക്കവെ കാർ നദിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കൾ മരിക്കുകയും ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ചൂണ്ടികാട്ടിയത്. സംഭവത്തിൽ സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. അപകടം നടന്നതിന് പിറ്റേ ദിവസം പ്രദേശവാസികളാണ് അപകടത്തിൽപെട്ട കാർ കണ്ടത്