Kerala

ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിൽ തിരിച്ചറിഞ്ഞു

കല്‍പറ്റ: ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് രക്ത ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു പരിശോധന നടത്തിയത്.

അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്കരിച്ചിട്ടുള്ളത്. ഡിഎന്‍എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്കു അപേക്ഷ നല്‍കിയാല്‍ അവ കുഴിമാടങ്ങളില്‍നിന്നു പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് കളക്‌ടർ അധികാരം നല്‍കി.

ശരീരത്തില്‍നിന്നു കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ സബ് കലക്ടര്‍ക്കു പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്കരിച്ച സ്ഥലത്തു തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ചു തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കും. ഡിഎന്‍എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ വിലാസവും മറ്റു വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!