ഭാര്യ യാചകനൊപ്പം പോയെന്ന പരാതിയിൽ ട്വിസ്റ്റ്; ഒടുവിൽ കേസ് ഭർത്താവിനെതിരെ
ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ ട്വിസ്റ്റ്. താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്നും വീട് വിട്ടിറങ്ങിയത് മറ്റൊരു കാരണത്താലാണെന്നും യുവതി പോലീസിനെ അറിയിച്ചു. യുപി ഹർദോയ് ജില്ലയിലാണ് സംഭവം. യുവതി ഒളിച്ചോടിയെന്ന പരാതി അവാസ്തവമാണെന്നും യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചു
ജനുവരി 3നാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി രാജു എന്ന 45കാരൻ പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യ രാജേശ്വരി(36) പരിസരപ്രദേശത്ത് ഭിക്ഷ യാചിക്കാൻ വന്ന നൻഹെ പണ്ഡിറ്റ് എന്നയാളുമായി ഒളിച്ചോടിയെന്നായിരുന്നു പരാതി. താൻ എരുമയെ വിറ്റ് സൂക്ഷിച്ചിരുന്ന പണവും കൊണ്ടുപോയെന്ന് രാജു പറഞ്ഞിരുന്നു
എന്നാൽ കേസിനെ കുറിച്ച് അറിഞ്ഞ യുവതി പോലീസ് സ്‌റ്റേഷനിലെത്തി സത്യം പറയുകയായിരുന്നു. രാജുവിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് രാജേശ്വരി മൊഴി നൽകി രാജു സ്ഥിരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് ഫറൂഖാബാദിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയതെന്നും യുവതി പറഞ്ഞു. പോലീസ് അന്വേഷണത്തിൽ യുവതി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ഇതോടെ രാജുവിന്റെ പേരിൽ പോലീസ് കേസെടുത്തു.