
നല്ലളം: ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാള്‍ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെയാണ് നല്ലളം പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികള്‍ നല്ലളം ജങ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് മുങ്ങുകയായിരുന്നു.