Kerala

പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

പാലക്കാട്: ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ വച്ച് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. തേങ്കുറുശി സ്വദേശി രമേശിനെതിരെയാണ് (35) പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസക്കാരിയുമായ അമൃത (36) മരിച്ച കേസിലാണു നടപടി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മരുതറോഡ് ജംക്‌ഷനിലെ ഹോട്ടലിനു മുന്നിൽ വച്ച് അപകടം നടന്നത്. മറ്റൊരു കാർ മുറിച്ച് കടക്കാൻ വേണ്ടി ബൈക്ക് നിർത്തിയിട്ടപ്പോഴായിരുന്നു അപകടം. അമിത വേ​ഗത്തിലെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരൻ പി.മഹിപാൽ (59), അമ്യതയുടെ മകൾ ആദ്‌വിക (രണ്ടര) എന്നിവർക്കും പരുക്കേറ്റിരുന്നു. ഇവർ പുതുശ്ശേരിയിൽ നിന്നു മരുതറോഡിലെ സൂപ്പർമാർക്കറ്റിലേക്കു പോവുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കാണ് ഈ കാർ പോയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഇടിയുടെ ആ​ഘാതത്തിൽ തെറിച്ച് പോയ മൂവരെയും യുവാക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അമൃതയെ രക്ഷിക്കാനായില്ല. മഹിപാലിനു നടുവിനും കാലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിനു നേരിയ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹൻദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. ഭർത്താവ് അരുൺകുമാർ.അരുൺകുമാറിന് ഖത്തറിലാണ് ജോലി.

മരണവിവരമറിഞ്ഞ നാട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും പെരുന്നാൽ തിരക്ക് കാരണം വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇന്ന് രാത്രിയോടെ മാത്രമേ അരുൺകുമാർ നാട്ടിലെത്തൂ. അമൃതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം നാളെ വൈകിട്ട് കഞ്ചിക്കോട്ട് നടക്കും.

Related Articles

Back to top button
error: Content is protected !!