നെടുമ്പാശ്ശേരിയിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

കൊച്ചി നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. ഐവിൻ ജിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഐവിൻ ജിജോ. കാറിന് സമീപം സംസാരിച്ചു കൊണ്ടിരുന്ന ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോണറ്റിൽ വീണ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സിഐഎസ്എഫ് എസ്‌ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് വെച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടി രക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.