സ്ത്രീകള്‍ക്ക് തൊഴില്‍; സഊദി ഒന്നാമത്

റിയാദ്: ധ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷിയാവുന്ന സഊദി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിലും ഒന്നാമതെത്തി. ജി20 രാജ്യങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരം ഒരുക്കികൊടുക്കുന്ന രാജ്യമെന്ന പദവിയാണ് സഊദി നേടിയിരിക്കുന്നത്. തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ വളര്‍ച്ച ഇപ്പോള്‍ സഊദിയില്‍ 5. 5 ശതമാനത്തിലേക്കു എത്തിയിരിക്കുകയാണ്.
സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യം ഒരുക്കുന്നത്. സ്ത്രീകളെ തൊഴിലിടങ്ങളിലേക്കു എത്തിക്കാന്‍ അനേകം മാതൃകാപരമായ പദ്ധതികളാണ് സഊദി നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലി നേടുന്ന സ്വദേശികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2023 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതേ കാലത്ത് വര്‍ധനവ് പ്രകടമാണ്. കഴിഞ്ഞ ജൂണില്‍ 16,500 പേര്‍ ആണ് ജോലിക്കായി പ്രവേശിച്ചുരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 34,600 ആയാണ് വര്‍ധിച്ചതെന്ന് സഊദി തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ജി20 രാജ്യങ്ങള്‍ക്കിടയില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ വളര്‍ച്ച നിരക്ക് എടുത്താല്‍ രണ്ടാം സ്ഥാനത്താണ് സഊദിയുടെ സ്ഥാനം. പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ ഗ്രൂപ്പിലെ മികച്ച 10 രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സഊദി അറേബ്യ.