Abudhabi

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

അബുദാബി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ മാരകമായി പരുക്കേറ്റ 55 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ചു. കുട്ടികളും അര്‍ബുദ രോഗികളും ഉള്‍പ്പൈടെയുള്ളവരെയാണ് ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തില്‍നിന്നും കറം അബു സലാം വഴി ചികിത്സക്കായി യുഎഇയിലേക്ക് എത്തിച്ചിരിക്കുന്നത്.

രോഗികളും കുടുംബങ്ങളും ഉള്‍പ്പെടെ 72 പേരെയാണ് യുദ്ധമുഖത്തുനിന്നും ഒഴിപ്പിച്ച് എത്തിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് യുഎഇ മാനുഷിക പരിഗണനയുടെ പേരില്‍ രോഗികളെ കൊണ്ടുവരുന്നത്. യുഎഇയുടെ 23ാമത്തെ ഒഴിപ്പിക്കല്‍ വിമാനമാണ് ഇന്നലെ രാജ്യത്തേക്ക് എത്തിയിരിക്കുന്നത്.

ഗാസയില്‍ സംഘര്‍ഷം വീണ്ടും പാരമ്യത്തിലെത്തിയതിന് ശേഷം ഇതുവരെ രോഗികളും ബന്ധുക്കളും ഉള്‍പ്പെടെ 2,254 പേരെയാണ് യുഎഇ തങ്ങളുടെ രാജ്യത്തേക്ക് എത്തിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ താല്‍പര്യ പ്രകാരമാണ് 2023 ഒക്ടോബര്‍ മുതല്‍ ചികിത്സക്കായി രോഗികളെയും പരുക്കേറ്റവരെയും ഗാസയില്‍നിന്നും രാജ്യത്തേക്കു എത്തിക്കാന്‍ തുടങ്ങിയത്. ഇതുവരെ 1,000 കുട്ടികള്‍ക്കും 1,000 അര്‍ബുദ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!