National

സല്‍മാന്‍ ഖാന്‍ ഒരു പാറ്റയെപ്പോലും കൊല്ലുന്നത് കണ്ടിട്ടില്ലെന്ന് പിതാവ് സലിം ഖാന്‍

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന സംഭവത്തില്‍ ബിഷ്‌ണോയി സമുദായത്തില്‍നിന്നു വധഭീഷണി നേരിടുന്ന പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പാറ്റയെപ്പോലും ഉപദ്രവിക്കാത്ത വ്യക്തിയാണെന്ന് പിതാവ്. പ്രശസ്ത ഗാനരചയിതാവായ സലിം ഖാനാണ് സല്‍മാന്‍ ഖാന് മൃഗങ്ങളെ ഒരിക്കലും വേട്ടയാടാന്‍ സാധിക്കില്ലെന്നും അത്രയേറെ മൃഗങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് തന്റെ മകനെന്നും പ്രതികരിച്ചിരിക്കുന്നത്.

1998ല്‍ ആണ് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന് ആരോപിച്ച് സല്‍മാന്‍ ഖാനെതിരെ പൊലിസ് കേസെടുക്കുന്നത്. ഹം സാത്ത്- സാത്ത് ഹൈന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു വിവാദ സംഭവം. രാജസ്ഥാനിലായിരുന്നു ചിത്രീകരണം. ഇവിടുത്തെ ബിഷ്ണോയ് സമുദായം ഈശ്വരതുല്യമായി കണക്കാക്കുന്ന ജീവിയാണ് കൃഷ്ണമൃഗം. ഇതിനെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും ക്രൂരകൃത്യമായും മഹാപാപമായുമാണ് ബിഷ്ണോയ് സമുദായം കണക്കാക്കുന്നത്. ഇതേത്തുടര്‍ന്ന് മുംബൈ അധോലോകത്തെ വിറപ്പിക്കുന്ന ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘം സല്‍മാനെതിരേ വധ ഭീഷണി മുഴക്കിയത്.

‘ഞങ്ങളുടെ കുടുംബത്തിലെ ആരും തോക്ക് ഉപയോഗിക്കുന്നവരല്ല. വെറുതെ ഒരു രസത്തിനായി മൃഗങ്ങളെ കൊല്ലുന്ന സ്വഭാവവും ഞങ്ങള്‍ക്കില്ല. പിന്നെ എന്തിന് ബിഷ്ണോയ് സമുദായത്തോട് മകന്‍ മാപ്പുചോദിക്കണം. ബിഷ്ണോയ് സമുദായത്തോട് സല്‍മാന്‍ മാപ്പ് ചോദിച്ചാല്‍ അത് കുറ്റം ചെയ്തതുപോലെ ആകും. ചെയ്യാത്ത കുറ്റത്തിന് എങ്ങനെ മാപ്പുചോദിക്കാനാകും. താനോ, സല്‍മാനോ തെറ്റ് ചെയ്തിട്ടില്ല. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഞാന്‍ സല്‍മാനോട് കാര്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സല്‍മാന് അതിലൊരു പങ്കുമില്ലെന്നാണ് അവന്‍ പറയുന്നത്. വേട്ടയാടല്‍ നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ലെന്നും സല്‍മാന്‍ എന്നോട് പറഞ്ഞിരുന്നു’. സലിം ഖാന്‍ പറഞ്ഞു.

Related Articles

Back to top button