ഇന്ത്യ ആയുധങ്ങള്‍ കയറ്റിയയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്ക്
ന്യൂഡല്‍ഹി: രാജ്യം ആയുധങ്ങള്‍ കയറ്റിയയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്ക്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള വിവിധ കമ്പനികളാണ് ഇപ്പോള്‍ 100 ഓളം രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും അനുബന്ധ വസ്തുക്കളും കയറ്റി അയക്കുന്നത്. മുമ്പ് വിനാശകരമായ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ താല്പര്യം കാണിച്ചിരുന്നില്ലെങ്കിലും പതിയെ നിലപാട് മാറ്റുകയായിരുന്നു.
ആയുധ കയറ്റുമതിയിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയതോടെ നിരവധി രാജ്യങ്ങളാണ് ആയുധങ്ങള്‍ക്കായി ഇന്ത്യയെ സമീപിക്കുന്നത്. പീരങ്കി തോക്കുകള്‍, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ആകാശ് മിസൈലുകള്‍, ഡോര്‍ണിയര്‍-228 വിമാനങ്ങള്‍, റഡാറുകള്‍, പിനാക റോക്കറ്റുകള്‍, ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍, പിനാക മള്‍ട്ടി ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍, 155 എംഎം പീരങ്കി തോക്കുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങി ചില സമ്പൂര്‍ണ ആയുധ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും ഇന്ത്യന്‍ കമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
155 എംഎം പീരങ്കി തോക്കുകള്‍, ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍, പിനാക മള്‍ട്ടി ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ വാങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയിരിക്കുകയാണ് അര്‍മേനിയ. ഇത് കൂടാതെ പീരങ്കി തോക്കുകള്‍, റോക്കറ്റ് സംവിധാനങ്ങള്‍, മിസൈലുകള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, ആയുധം കണ്ടെത്തുന്ന റഡാറുകള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനായി അര്‍മേനിയയും ഇന്ത്യയും സുപ്രധാനമായ കരാറിലും ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ധാരാളം സോഫ്റ്റ്വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫ്രാന്‍സ് ഇറക്കുമതി ചെയ്യുന്നത്. ബോയിംഗ്, ലോക്ക്ഹീഡ് മാര്ട്ടിന് സോഴ്സിംഗ് ഫ്യൂസ്ലേജ്, വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും മറ്റ് ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപ-സിസ്റ്റങ്ങളും ഘടകങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള യുഎസിന്റെ പ്രതിരോധ വാങ്ങലുകള്‍. 2023-24 ല്‍, ഇന്ത്യയുടെ വാര്‍ഷിക പ്രതിരോധ ഉല്‍പ്പാദനം 1.2 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിട്ടുണ്ട്. 50,000 കോടി രൂപയുടെ ആയുധ കയറ്റുമതിക്കൊപ്പം 2028-29 ഓടെ 3 ലക്ഷം കോടി രൂപയിലേക്ക് ആയുധങ്ങളുടെ കയറ്റുമതി എത്തിക്കാനും കേന്ദ്രം പദ്ധതി തയാറാക്കിയിട്ടുണ്ട്.
അതേ സമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന സ്ഥാനം ഇപ്പോഴും ഇന്ത്യക്കാണ്. 2019 – 2024 കാലഘട്ടത്തിലെ മൊത്തം ആഗോള ഇറക്കുമതിയുടെ 9.8 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കീഴില്‍ വിദേശ രാജ്യങ്ങളെ ആയുധങ്ങള്‍ക്കായി ആശ്രയിക്കുന്നത് പരമാവധി കുറക്കാനുള്ള പദ്ധതികള്‍ ശക്തമായി ഇന്ത്യ നടപ്പാക്കി വരികയാണ്.