കുവൈറ്റില്‍ വിസാ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടി വരുന്നു
കുവൈറ്റ് സിറ്റി: രാജ്യത്തെ താമസ വിസാ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വരുന്നു. ഇതിനായി കര്‍ശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമം കൊണ്ടുവരാനാണ് കുവൈറ്റ് സര്‍ക്കാര്‍ നീക്കം.
കുവൈറ്റിലെ താമസ മേഖലകളിലും മറ്റു താമസ ഇടങ്ങളിലുമുള്ള വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുകയും പുറത്താക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പുതിയ നിയമമാണ് വരുന്നത്.
വിദേശികളുടെ താമസാവകാശം സംബന്ധിച്ച കരട് ഉത്തരവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ 36 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രവാസിയുടെ റസിഡന്‍സ് വിസ, താല്‍ക്കാലിക വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി തീരുകയും വിസ പുതുക്കാതെ പ്രവാസി രാജ്യത്ത് തന്നെ തുടരുകയും ചെയ്യുന്ന പക്ഷം അക്കാര്യം പ്രവാസികളുടെ സ്പോണ്‍സര്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥയും കരട് നിയമത്തിലുണ്ട്.
എന്‍ട്രി വിസ, റസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ടും നടക്കുന്ന ചൂഷണങ്ങള്‍, വിസാ കച്ചവടം, വിസാ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.