Gulf

ദുബൈയില്‍ പുതിയ നാല് റോഡുകള്‍ നിര്‍മിക്കാന്‍ ആര്‍ടിഎ ഒരുങ്ങുന്നു

ദുബൈ: എമിറേറ്റിലെ റോഡ് ശൃംഖല നാല് അയല്‍പക്കങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന പുതിയ റോഡുകളുടെ നിര്‍മാണ പദ്ധതിയുമായി ആര്‍ടിഎ(റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇതുവഴിയുള്ള യാത്രാ സമയം 80 ശതമാനംവരെ കുറയുമെന്നാണ് അധികൃതര്‍ കരുതുന്നത്.

എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലായാണ് നവീകരിച്ച എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ആര്‍ടിഎ നിര്‍മിക്കുക. ഇവ നദ്ദ് ഹെസ്സ, അല്‍ ആവിര്‍ 1, അല്‍ ബര്‍ഷ സൗത്ത് വാദി അല്‍ സഫ 3 എന്നിവിടങ്ങളിലേക്കും പുറത്തേക്കും സുഗമമായ പ്രവേശനം ലഭ്യമാക്കുന്നതായിരിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ സ്ട്രീറ്റിനെയും പരസ്പരം ബന്ധിപ്പിച്ച് നദ്ദ് ഹെസ്സയിലേക്ക് നിര്‍മിക്കുന്ന പുതിയ എന്‍ട്രിയും എക്സിറ്റുമായിരിക്കും ഇതില്‍ പരമ പ്രധാനമായ പാത.

മണിക്കൂറില്‍ 6,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള രണ്ട് വരിപ്പാതയാണ് ഇവിടെ സജ്ജമാക്കുക. മൂന്നു ലക്ഷത്തിലധികം താമസക്കാരുള്ള നദ്ദ് ഹെസ്സ, വാര്‍സന്‍ 4, ഹെസ്സ ഗാര്‍ഡന്‍സ്, ദുബൈ സിലിക്കണ്‍ ഒയാസിസ് തുടങ്ങിയ കമ്മ്യൂണിറ്റികള്‍ക്ക് ഈ പാത ഏറെ അനുഗ്രഹമായി മാറുമെന്ന് ആര്‍ടിഎ അറിയിച്ചു. ഇരു ദിശകളിലേക്കും രണ്ടുവരി വീതം പാതകളും നദ്ദ് ഹെസ്സയിലേക്കും ദുബൈ സിലിക്കണ്‍ ഒയാസിസ് കോംപ്ലക്സിലേക്കും പ്രവേശനത്തിനായി ഒരു റൗണ്ട് എബൗട്ടും ഇതില്‍ ഉള്‍പ്പെടുമെന്നും ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

Related Articles

Back to top button