National

ചാരവൃത്തി കേസിൽ ജയിലിലായി; 22 വർഷങ്ങൾക്കുശേഷം ജഡ്ജിയാകാനൊരുങ്ങി 46 കാരൻ

ലക്‌നൗ: 2002 ലാണ് കാൻപൂർ സ്വദേശിയായ പ്രദീപ് കുമാറിനെ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. എസ്ടിഎഫും മിലിട്ടറി ഇന്റലിജൻസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. പണത്തിനായി കാൺപൂർ കന്റോൺമെന്റിലെ തന്ത്രപ്രധാനമായ വിവരങ്ങൾ കുമാർ പാക്കിസ്ഥാന് ഫോണിലൂടെ ചോർത്തി കൊടുത്തുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് കുമാറിനെതിരെ ചുമത്തിയത്. 2014 ലാണ് കാൻപൂർ കോടതി കുമാറിനെ വെറുതെ വിടാൻ ഉത്തരവിടുന്നത്. 2002 ൽ ജയിലിലാകുന്ന സമയത്ത് കുമാറിന് 24 വയസായിരുന്നു. നിയമ ബിരുദധാരി കൂടിയായിരുന്നു. ജയിൽ മോചിതനായി രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, 46 കാരനായ കുമാർ ജഡ്ജിയായി നിയമിതനാകാനുള്ള ഒരുക്കത്തിലാണ്.

പ്രദീപ് കുമാറിനെ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള കത്ത് നൽകാൻ കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. 2016 ലെ യുപി ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ എഴുതിയ കുമാർ മെറിറ്റ് ലിസ്റ്റിൽ 27-ാം സ്ഥാനം നേടി. 2017 ഓഗസ്റ്റ് 18 ന് കുമാറിന്റെ നിയമനം ഹൈക്കോടതി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തു. എന്നാൽ, കുമാറിന് നിയമന കത്ത് നൽകിയില്ല. തുടർന്നാണ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

2017 ഓഗസ്റ്റിൽ കുമാറിന്റെ നിയമനം സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം ഗവർണർക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ നിയമനവുമായി മുന്നോട്ട് പോകാനും കോടതി സംസ്ഥാനത്തിന് നിർദേശം നൽകി. കുമാറിന്റെ നിയമനം വൈകിപ്പിച്ചതിനും ഉദാസീന മനോഭാവത്തിനും കോടതി സംസ്ഥാനത്തിന് 10 ലക്ഷം രൂപ പിഴ ചുമത്തി. 2019 ൽ കുമാറിന് നിയമനം നൽകാൻ സർക്കാർ വിസമ്മതിച്ചുകൊണ്ട് ഉത്തരവിറക്കി. സർക്കാരിന്റെ ഉത്തരവ് റദ്ദാക്കാനും യുപി ഹയർ ജുഡീഷ്യൽ സർവീസിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമനം നടത്താനും ആവശ്യപ്പെട്ട് കുമാർ അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.

ഡിസംബർ ആറിന് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിംഗ്, ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കുകയും ഹരജിക്കാരന്റെ സ്വഭാവം പരിശോധിച്ച ശേഷം നിലവിലുള്ള ഒഴിവുകളിൽ കുമാറിനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!