റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സഊദി നിയമം കര്‍ശനമാക്കുന്നു
റിയാദ്: രാജ്യത്ത് തൊഴില്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് സഊദി റിക്രൂട്ട്‌മെന്റ് നിയമം കര്‍ശനമാക്കുന്നു. ചെറുകിട റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ 20 ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണം. ഈ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം റിയാലിന്റെ മൂലധനം ഉണ്ടായിരിക്കണം. ഇടത്തരം കമ്പനികള്‍ അന്‍പത് ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടിയും ഒപ്പം അഞ്ച് വര്‍ഷത്തെ ലൈസന്‍സിന് അഞ്ചുകോടി റിയാല്‍ ഡെപോസിറ്റും നല്‍കണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് നിയമം അനുശാസിക്കുന്നു.
വന്‍കിട കമ്പനികള്‍ ഒരു കോടി റിയാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും 10 വര്‍ഷത്തെ ലൈസന്‍സ് നേടുന്നതിന് 10 കോടി റിയാല്‍ ഡെപോസിറ്റ് നിലനിര്‍ത്തണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയിലുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ റിക്രൂട്ടമെന്റ് ചെലവുകള്‍ വെളിപ്പെടുത്തണമെന്നും റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലെ ആളുകള്‍ സംസാരിക്കുന്ന അതേ ഭാഷയില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഈ പറഞ്ഞ മൂന്നു വിഭാഗങ്ങളില്‍ ഏതിലാണോ തങ്ങള്‍ ഉള്‍പ്പെടുക അതിലേക്ക് മാറാന്‍ രണ്ടു വര്‍ഷത്തെ സമയവും അധികൃതര്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.