ഇന്ന് റമദാന്‍ വ്രതം ആരംഭിക്കുമെന്ന് സൗദി സുപ്രീംകോടതി

റിയാദ്: രാജ്യത്ത് ഇന്നലെ വൈകിട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ശനി) റമദാന്‍ വ്രതം ആരംഭിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. താമിറിലും ഹൊദാത്ത് സുധൈറിലും ഇന്നലെ മാസം കണ്ടത് സ്ഥിരീകരിച്ചതോടെയാണ് ശനിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിലെ പ്രധാനപ്പെട്ട മാസപ്പിറവി ദൃശ്യമാകുന്ന പ്രദേശങ്ങളിലെല്ലാം വൈകിട്ട് മേഘാവൃതമായ കാലാവസ്ഥയും പൊടിക്കാറ്റും ഉണ്ടായിരുന്നത് മാസപ്പിറവി ദൃശ്യമാകുന്നതിന് തടസമാകുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കെ പെട്ടെന്ന് ആകാശം തെളിയുകയും മാസപ്പിറവി ദൃശ്യമാവുകയുമായിരുന്നു.
നേരത്തെ വെള്ളിയാഴ്ച വൈകിട്ട് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നലെ ശഅ്ബാന്‍ 29 പൂര്‍ത്തിയായതോടെയാണ് പിറവി ദര്‍ശിക്കാന്‍ സുപ്രീംകോടതി രാജ്യത്തെ സംവിധാനങ്ങളോടും പൊതുജനങ്ങളോടുമെല്ലാം അഭ്യര്‍ത്ഥിച്ചത്. അതേസമയം യുഎഇ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററും ടെലസ്‌കോപ്പിന്റെ സഹായത്തോടെ മാസപ്പിറവി ദര്‍ശിച്ചതായി വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍, തെക്കന്‍ യൂറോപ്പ്, അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ മാസപ്പിറവി ദൃശ്യമായിരുന്നതായും സെന്റര്‍ വിശദീകരിച്ചിരുന്നു.