പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെയും പാക് പ്രകോപനം; അതിർത്തിയിൽ പാക് ഡ്രോണുകളെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയും പാക്കിസ്ഥാന്റെ പ്രകോപനം. അതിർത്തിയിൽ പത്തിടങ്ങളിൽ പാക് ഡ്രോണുകൾ പറന്നെത്തി. എല്ലാം ഇന്ത്യൻ വ്യോമസേനാ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കാശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയതായി സൈന്യം അറിയിച്ചു
പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ബ്ലാക്ക് ഔട്ട് തുടരേണ്ടി വന്നു
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഭീകരതക്കെതിരെ ഓപറേഷൻ സിന്ദൂർ ആയിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്ന് മോദി പറഞ്ഞു. സൈനിക നീക്കം തത്കാലത്തേക്ക് നിർത്തിവെച്ചിട്ടേയുള്ളു. പ്രകോപനം തുടർന്നാൽ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നൽകി.