പ്രവാസികള്‍ക്കും പ്രതിസന്ധി; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

യുഎസില്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ പുതിയ തീരുമാനം.
ഉടന്‍ ഇത് നിയമമാക്കി മാറ്റാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ട്രംപ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പണം അയയ്ക്കുന്ന കേന്ദ്രത്തില്‍ തന്നെ ഇത്തരത്തില്‍ നികുതി ഈടാക്കും. നിലവില്‍ 25 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് അമേരിക്കയില്‍ ജോലി ചെയ്തുവരുന്നത്.
പ്രതി വര്‍ഷം ഇന്ത്യയിലേക്ക് അമേരിക്കന്‍ പ്രവാസികള്‍ 2300 കോടി ഡോളര്‍ അയയ്ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്തിന് കനത്ത തിരിച്ചടിയുണ്ടാകും. യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമായേക്കും.
നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ചെറിയ തുക അയച്ചാല്‍പ്പോലും 5% നികുതി നല്‍കേണ്ടിവരും. ജൂണ്‍-ജൂലൈ മാസത്തിലായി നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ തീരുമാനം നിയമമാകുന്നതിന് മുന്‍പ് വലിയ അളവില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ പണം അയക്കുമെന്നാണ് വിലയിരുത്തല്‍.