World
അമേരിക്കയിൽ നിന്നുള്ള മൂന്നാം വിമാനവും അമൃത്സറിലെത്തി; വിമാനത്തിൽ 112 പേർ

അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 44 പേർ ഹരിയാന സ്വദേശികളും 31 പേർ പഞ്ചാബ് സ്വദേശികളുമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമല്ല.
നേരത്തെ ചെയ്ത പോലെ കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ ഇന്നും ഇന്ത്യക്കാരെ തിരികെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. ഒന്നാം വിമാനത്തിന് പുറമെ രണ്ടാം വിമാനത്തിലും കുടിയേറ്റക്കാരെ കൈ വിലങ്ങും ചങ്ങലയും അണിയിച്ചാണ് എത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ട്രംപുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.