National

ഡൽഹി സ്‌ഫോടനം; അന്വേഷണം ഖലിസ്ഥാന്‍ സംഘടനയിലേക്ക്: ടെലിഗ്രാം ചാനൽ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ വൻ സ്‌ഫോടനത്തിൽ ഖലിസ്ഥാന്‍ ഭീകരസംഘടനയ്ക്ക് ബന്ധമുണ്ടോയെന്ന സംശയത്തിൽ പൊലീസ്. സ്‌ഫോടനത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ ഖലിസ്ഥാന്‍ ഭീകരസംഘടയുമായി ബന്ധമുള്ള ടെലിഗ്രാം ചാനലായ ‘ജസ്റ്റിസ് ലീഗ് ഇന്ത്യ’ എന്ന ചാനലിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സ്‌ഫോടനത്തിൽ ഭീകരസംഘടയ്ക്ക് ബന്ധമുണ്ടോയെന്ന് ഡൽഹി പൊലീസ് അന്വേഷിക്കുകയാണ്.

സ്ഫോടനത്തിന്‍റെ അവകാശം ഖലിസ്ഥാന്‍ ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ചാനലിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ടിനു താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന് എഴുതിയിട്ടുണ്ട്. ഇതിനു പിന്നാലെ ഡൽഹി പൊലീസ് ടെലിഗ്രാമിന് കത്തയച്ചു. ശേഖരിച്ച തെളിവുകളിൽ നിന്ന് നിഗൂഢമായ ഒരു വെളുത്ത പൊടി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്‍റെയും ക്ലോറൈഡിന്‍റെയും മിശ്രിതമാണ് ഇതെന്ന് കരുതപ്പെടുന്നു. സ്ഫോടനത്തിനു ശേഷം പ്രദേശത്ത് മുഴുവന്‍ ഈ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായരുന്നു. കൂടാതെ സംഭവത്തിന് തലേദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഡൽഹി സിആർപിഎഫ് സ്കൂളിനു സമീപമായി ഞായറാഴ്ച രാവിലെ 7.50 ഓടെയാണ് സ്ഫോടനം നടന്നത്. സ്കൂൾ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപക നാശനഷ്ടമാണ് ഉണ്ടയാത്. സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ചിനൊപ്പം ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലുള്ളപ്പടെയുള്ളവർ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button