അപകടം കിടക്കയിലാക്കിയിട്ടും തിയോബ്രോമയുടെ ഉടമ തോറ്റില്ല; ഇന്ന് മൂല്യം 3,500 കോടി രൂപ
മുംബൈ: അപകടം സംഭവിക്കലും ദീര്‍ഘകാലം കിടപ്പിലാവുന്നതുമൊന്നും ജീവിതത്തിന്റെ അവസാന വാക്കല്ലെന്ന സന്ദേശമാണ് ഇന്ത്യയിലെ പ്രശസ്ത ബേക്കറി ശൃംഖലയായ തിയോബ്രോമ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകയായ കൈനാസ് ലോകത്തെ ഓര്‍മിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, എന്‍സിആര്‍, പൂനെ, ഹൈദരാബാദ്, ബംഗളൂരു മേഖലകളില്‍ അതിവേഗം വളരുന്നു ഒരു നെറ്റവര്‍ക്കാണ് കൈനാസ്.
രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ തിയോബ്രോമ ജനഹൃദയങ്ങളുടെ ഒരു അവിഭാജ്യ ഘടകമായി മാറിയെന്നു മാത്രമല്ല, മുംബൈ, ഡല്‍ഹി, എന്‍സിആര്‍, പൂനെ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലായി 225 ഔട്ട്ലെറ്റുകളുടെ വലിയൊരു ശൃംഖലയായി അതിവേഗം വളരുകയും ചെയ്ത ഈ ബ്രാന്റിന്റെ മൂല്യം 3,500 കോടി രൂപയാണ്. ഗുണമേന്മയുള്ള ഭക്ഷണം ന്യായ വിലയില്‍ നല്കാന് പ്രതിജ്ഞയെടുത്ത ഇവര്‍ അധികം വൈകാതെ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ഊന്നല്‍നല്‍കുന്നത്.
വിദഗ്ധ പേസ്ട്രി ഷെഫ് ആയിരുന്ന അവളെ തേടി അപകടം എത്തിയത് 24ാം വയസിലായിരുന്നു. അപകടത്തെ തുടര്‍ന്ന് അവള് കിടപ്പു രോഗിയായി മാറി. എന്നാല്‍ തന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന അവള് തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ആഗോളതലത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനം പകരുന്നതാണ് കൈനാസ് എന്ന നാമം.
മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (ഐഎച്ച്എം), ഡല്‍ഹിയിലെ ഒബ്റോയ് സെന്റര്‍ ഓഫ് ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് (ഒസിഎല്ഡി) എന്നിവിടങ്ങളില്‍ പരിശീലനം നേടിയ കൈനാസ് അപകടത്തിന് മുമ്പ് ഉദയ്പൂരിലെ ഒബ്റോയ് ഉദൈവിലാസില്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ അപകടത്തിനു ശേഷം ഒരു ഷെഫ് ആയി തുടരാന്‍ കഴിയില്ലെന്ന് യാഥാര്‍ഥ്യം അവള് ഉള്‍ക്കൊണ്ടതായിരുന്നു വിജയത്തിന്റെ ആദ്യ പടി.
തന്റെ സഹോദരി ടീന മെസ്മാന്‍ വൈക്സുമായി ചേര്‍ന്ന് അവള് തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. അതായിരുന്നു ഇന്ന് പ്രശസ്തമായ തിയോബ്രോമയുടെ ഉദയം. 2004ല്‍ ആയിരുന്നു സഹോദരികളുടെ കൂട്ടായ്മയില്‍ സംരംഭം യാഥാര്‍ത്ഥ്യമായത്. പിതാവില്‍ നിന്ന് ഒന്നരക്കോടി രൂപ കടം വാങ്ങിയായിരുന്നു തുടക്കം. വായ്പ തിരിച്ചടയ്ക്കുന്നതിന് പകരം, അവര്‍ വിശ്വസിച്ച ഒരു ലക്ഷ്യത്തിനായി ആ ഫണ്ട് ഉപയോഗിക്കണം എന്നതായിരുന്നു ദീര്‍ഘദര്‍ശിയായ ആ അച്ഛന്റെ ഒരേയൊരു നിബന്ധന. ഗ്രീക്ക് വാക്കാണ് തിയോബ്രോമ. തിയോ എന്നാല്‍ ദൈവമെന്നും ബ്രോമയെന്നാല് ഭക്ഷണം എന്നുമാണ് അര്‍ഥം.