
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നൃത്ത ജലധാരയായ ദുബായ് ഫൗണ്ടൻ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം 2025 ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കുമെന്ന് എമാർ (Emaar) പ്രോപ്പർട്ടീസ് അറിയിച്ചു. ഏപ്രിൽ 19-നാണ് ഫൗണ്ടൻ താൽക്കാലികമായി അടച്ചത്. നവീകരണത്തിന്റെ ഭാഗമായി ബുർജ് ഖലീഫ തടാകത്തിലെ വെള്ളം പൂർണ്ണമായും വറ്റിച്ച് പുതിയ ഫ്ലോറിംഗ് സ്ഥാപിക്കുകയും സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
നവീകരണത്തിനു ശേഷം കൂടുതൽ ആകർഷകമായ പ്രകടനങ്ങൾ കാണികൾക്ക് പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. പുതിയ റോബോട്ടിക് സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ ലൈറ്റിംഗ്, ശബ്ദ സംവിധാനങ്ങൾ എന്നിവ പ്രദർശനങ്ങൾക്ക് പുതിയ മാനം നൽകും. കൂടാതെ, തടാകത്തിന് ചുറ്റുമുള്ള നടപ്പാതകളിൽ ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഫൗണ്ടൻ ഷോയുടെ ഡിജിറ്റൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.
അടച്ചുപൂട്ടൽ കാരണം ഫൗണ്ടന് സമീപത്തെ ഭക്ഷണശാലകൾക്ക് വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ 50-ഓളം ഭക്ഷണശാലകളുടെ വാടക ഒഴിവാക്കിയിട്ടുണ്ടെന്നും എമാർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഫൗണ്ടന്റെ നവീകരണ പ്രവർത്തനങ്ങൾ നിശ്ചയിച്ച സമയത്തിനനുസരിച്ച് തന്നെ മുന്നോട്ട് പോകുകയാണെന്ന് എമാർ പ്രസ്താവനയിൽ വ്യക്തമാക്കി.