ഈദ് അല്‍ ഇത്തിഹാദ്: യുഎഇ പ്രസിഡന്റ് 2,269 തടവുകാര്‍ക്ക് മാപ്പുനല്‍കി; ദുബൈ ഭരണാധികാരി നല്‍കിയത് 1,169 പേര്‍ക്ക്
അബുദാബി: യുഎഇയുടെ 53ാം ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2,269 തടവുകാര്‍ക്ക് മാപ്പുനല്‍കി. ഈ തടവുകാരുടെ എല്ലാ പിഴകളും ഒഴിവാക്കാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
മാനുഷിക പരിഗണന നല്‍കിയാണ് തടവുകാരെ മാപ്പുനല്‍കി മോചിപ്പിക്കുന്നത്. തടവുകാര്‍ക്ക് തങ്ങളുടെ കുടുംബത്തിനും സമൂഹത്തിനുമൊപ്പം പുതിയ ഒരു ജീവിതം തുടങ്ങാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ദേശീയദിനം, റമദാന്‍, ഈദ് അല്‍ ഫിത്വര്‍ തുടങ്ങിയ രാജ്യത്തെ പൊതു അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും യുഎഇ ഭരണനേതൃത്വം ആയിരക്കണക്കിന് തടവുകാര്‍ക്ക് അനുകമ്പയുടെ പേരില്‍ ജയില്‍ മാചനം നല്‍കാറുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദേശീയദിനം പ്രമാണിച്ച് 1,169 പേര്‍ക്കാണ് മാപ്പുനല്‍കിയത്. സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 683 തടവുകാര്‍ക്കും ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 118 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 304 തടവുകാര്‍ക്കും മാപ്പുനല്‍കി ജയില്‍ മോചനം പ്രഖ്യാപിച്ചു.