ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമിട്ട് യൂറീബിയ എത്തി
ബഹ്‌റൈന്‍: ഈ വര്‍ഷത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ ക്രൂയിസ് കപ്പലായ യൂറീബിയ ബഹ്‌റൈനിലെത്തി. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതികമായി പുരോഗമിച്ച ക്രൂയിസ് കപ്പലാണ് 1,700 ഓളം ജീവനക്കാരുള്ള യൂറീബിയ. 2,419 കാബിനുകളുള്ള ഈ കപ്പലില്‍ 6,300ല്‍ അധികം വിനോദസഞ്ചാരികള്‍ക്ക് കഴിയാനാവും. കുട്ടികള്‍ക്ക് യാത്രാ സൗജന്യം അടക്കം വാഗ്ദാനം ചെയ്യുന്ന ഈ പടുകൂറ്റന്‍ കപ്പലില്‍ ഏത് ബജറ്റിലുള്ള യാത്രക്കാര്‍ക്കും ലോകം ചുറ്റിക്കാണാന്‍ അവസരം ലഭിക്കുമെന്നാണ് യൂറീബിയ അധികൃതര്‍ അവകാശപ്പെടുന്നത്.
ബഹ്‌റൈനിലെ പുരോഗമിക്കുന്ന ടൂറിസം രംഗത്തിന് കപ്പലിന്റെ വരവ് കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സഹകരണം വളര്‍ത്തുക, രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ബഹ്‌റൈനിന്റെ പാരമ്പര്യവും പൈതൃകവും ബോധ്യപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പുതിയ ക്രൂയിസ് സീസണ് തുടക്കമായിരിക്കുന്നത്.
മീനാ സല്‍മാന്‍ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് കപ്പല്‍ യാത്രക്കാരുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ക്രൂയിസ് ഷിപ്പുകളുടെ വരവ് ബഹ്‌റൈന്‍ വ്യാപാര വാണിജ്യ രംഗത്തിന് ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലില്‍ എത്തുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളും വാണിജ്യമേഖലകളും സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളെപ്പോലും ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ ഉള്ളതാണ് ബഹ്‌റൈന്റെ തുറമുഖം.