ഗാസ: മധ്യസ്ഥതയില്‍നിന്ന് പൂര്‍ണമായും പിന്മാറിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം
ദോഹ: ഇസ്രായേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്ന ഗാസയില്‍ പ്രശ്‌ന പരിഹാരത്തിനായി ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പൂര്‍ണമായും പിന്മാറിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലിനും ഗമാസിനുമിടയില്‍ നടന്ന അവസാന റൗണ്ട് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുമെന്ന് 10 ദിവസം മുന്‍പ് നടന്ന ചര്‍ച്ചകള്‍ക്കിടെ അറിയിച്ചിരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. ഗാസയിലെ സാഹചര്യം അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യഥാര്‍ത്ഥ പ്രതിബദ്ധത തെളിയിക്കപ്പെട്ടാല്‍ ഖത്തര്‍ തങ്ങളുടെ പങ്കാളികളുമായി മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. അതേസമയം മധ്യസ്ഥ ദൗത്യത്തില്‍നിന്ന് ഖത്തര്‍ പൂര്‍ണമായി പിന്‍മാറിയെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.