GulfSaudi Arabia

16കാരിയെ വിവാഹംചെയ്ത് ക്രൂരപീഡനം: പിന്നാലെ വിദേശത്തേക്ക് കടന്നു, പോക്സോ കേസ് പ്രതിയെ സൗദിയിലെത്തി പിടികൂടി കേരളപൊലീസ്

റിയാദ്: പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ സൗദിയിലെത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. 2022-ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്. മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരനും സംഘവുമാണ് കഴിഞ്ഞ ദിവസം റിയാദിലെത്തി പ്രതിയെ പിടികൂടിയത്.

റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി. മാസങ്ങൾക്ക് ശേഷം വധുവും ബന്ധുക്കളും ഭർത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാർജ് ചെയ്തത്.

മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.പ്രതി സൗദിയിലായതിനാൽ പൊലീസ് ഇൻറർപോളിന്‍റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് നിലവിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും ഭയന്ന് 2022-ന് ശേഷം പ്രതി നാട്ടിലേക്ക് പോയിട്ടില്ല.

ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പടുവിച്ചു. ഇത് ഇറങ്ങിയതോടെ നാഷനൽ സെൻട്രൽ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇൻറർപോൾ പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്. പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർനടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി.

Related Articles

Back to top button
error: Content is protected !!