ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിയുടെ മാർഗദർശിയായ ആർ.എസ്.എസിനുമെതിരെ ഒരു പതിറ്റാണ്ടിലേറെയായി പോരാടുകയാണ്. അവരുടെ പ്രവർത്തനരീതി എന്താണെന്ന് വ്യക്തമായി അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ പരാമർശിച്ച രാഹുൽ, ഇവർക്ക് ചുറ്റുമുള്ള രാഷ്ട്രീയ ഇടങ്ങൾ ചുരുങ്ങിവരികയാണെന്നും പ്രതിപക്ഷം സമ്മർദം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കും ആർ.എസ്.എസിനുമെതിരെ പത്തുവർഷത്തിലേറെയായി ഞാൻ പോരാടുകയാണ്. അവരെ എന്റെ ഉള്ളംകൈയിലെ രേഖകൾ പോലെ എനിക്ക് അറിയാം. ഇക്കൂട്ടരുടെ അടിസ്ഥാന സ്വഭാവം ഭീരുത്വമാണ്. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവർക്ക് ചുറ്റുമുള്ള രാഷ്‌ട്രീയ ഇടം പതുക്കെ ചുരുങ്ങുകയാണ്. ആ ഇടം നമ്മൾ ചുരുക്കിക്കൊണ്ടിരിക്കുകയാണ്.മോദിജി, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്‌തോളൂ. മുഴുവൻ പൊലീസിനെയും വിന്യസിക്കൂ. എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്‌തോളൂ. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിച്ച് 'വോട്ട് മോഷണം' നടത്തിയെന്ന തന്റെ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈവശമുണ്ടെ്. ഇന്ത്യൻ ഭരണഘടനയെ ഞങ്ങൾ സംരക്ഷിക്കും,​ ജനങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിക്കും. കഴിഞ്ഞ പത്ത് മുതൽ 15 വർഷത്തിനിടെ സംഭവിച്ചതുപോലുള്ള കാര്യങ്ങൾ രാജ്യത്ത് ഇനി ആവർത്തിക്കാൻ അനുവദിക്കില്ല.

ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്. നിങ്ങൾ പ്രതിഷേധം തുടരുക. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഭരണഘടനയെ ആക്രമിച്ച ഭരണകൂടത്തെയും അതിന് ഉത്തരവാദികളായവരെയും പരാജയപ്പെടുത്തുമെന്ന് ‌ഞങ്ങൾ ഉറപ്പാക്കും' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Tags

Share this story