പവിത്ര: PART 24

പവിത്ര: PART 24

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

ആദിയുടെ കല്യാണം വിളിക്കാൻ രമ്യയുടെ വീട്ടിൽ വന്നതാണ് പവിത്ര. പണ്ടെങ്ങോ വന്നതാണ് മാധവിന്റെ വീട്ടിൽ….
അപ്പച്ചിയെ പ്രതീക്ഷിച്ചിരുന്ന രമ്യക്ക് പവിത്രയെ കണ്ടപ്പോൾ അത്ഭുതം ആയിരുന്നു.
മാധവ് പവിത്രയുടെ മുഖത്തേക്ക് നോക്കാൻ
ധൈര്യപ്പെടാതെ മാറി നിൽക്കുക ആയിരുന്നു..

” മാധവേട്ടൻ ഒന്ന് വരോ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ”
പവിത്രയുടെ മാധവേട്ടൻ വിളി കേട്ട് അവൻ അമ്പരപ്പോടെ അവളെ നോക്കി. അവളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ അറിയാതെ തന്നെ പവിത്രയുടെ അടുത്തേക്ക് അവൻ നടന്നു വന്നു.

” നമ്മുക്ക് അങ്ങോട്ട് മാറി നിൽക്കാം ”
പവിത്ര കുറേ അങ്ങോട്ട് മാറിയുള്ള പറമ്പിലേക്ക് നടന്നു. പുറകേ വരാൻ ഒരുങ്ങിയ രമ്യയെ അകത്തേക്ക് പറഞ്ഞു വിട്ടിട്ട് മാധവ് പവിത്രയുടെ അടുത്തേക്ക് ചെന്നു.

” എന്താ പവി പറയാനുള്ളത് ”

ചോദിച്ചത് മാത്രേ ഓർമ്മയുള്ളു… പിന്നെ കേട്ടത് ഒരു മുളക്കം ആണ്. സർവ്വം ദഹിപ്പിക്കാനുള്ള കലിയോടെ ജ്വലിക്കുന്ന മുഖവുമായി നിൽക്കുന്ന പവിത്രയെ വിശ്വസിക്കാനാകാതെ മാധവ് നോക്കി.
ആദ്യത്തെ അടിയുടെ നടുക്കം മാറുന്നതിനു മുൻപ് തന്നെ അടുത്ത കവിളിലും അവൾ ഒന്ന് പൊട്ടിച്ചു.

” വേണ്ടാ വേണ്ടാന്ന് ഒരുപാട് തവണ ഞാൻ വിചാരിച്ചതാ..
ഇത് എനിക്ക് അന്നേ തരാമായിരുന്നു…
പുഴുത്ത പട്ടിയേക്കാളും നിന്നോട് എനിക്ക് അറപ്പ് മാത്രേയുണ്ടായിരുന്നുള്ളു… നിന്നെ തൊട്ടാൽ ഞാൻ നാറും അതാ വെറുതെ വിട്ടത്
പക്ഷേ പുറകേ നടന്നു നീ ഇരക്കുമ്പോൾ തരാതെ വിടുന്നത് ശരിയല്ലല്ലോ ”

” ഡി നീ എന്നെ തല്ലാൻ മാത്രം ആയോ… നിനക്ക് എന്നെ അറിയില്ല…
ഞാൻ ഒന്ന് മനസ്സ് വെച്ചാൽ നീ എന്റെ കാൽക്കീഴിൽ എത്തും..
അത് വേണ്ടാ എന്ന് വെക്കുന്നത് നീ സ്വമേധയാ വരാൻ വേണ്ടിയാണ്. നിന്നെ ഞാൻ വരുത്തിക്കും നോക്കിക്കോ ”
മാധവ് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

” നിന്നെ ഇതിൽ കൂടുതൽ എന്ത് മനസ്സിലാക്കാൻ ആണെടാ…
രമ്യയെ വേദനിപ്പിക്കരുത് എന്ന് കരുതുന്നത് കൊണ്ട് മാത്രമാണ് നിന്റെ ചെറ്റത്തരങ്ങൾ ഒന്നും ആരെയും അറിയിക്കാത്തത്…
ഇനിയും ആവശ്യമില്ലാതെ എന്റെ ജീവിതത്തിൽ കയറി ഇടപെട്ടാൽ ഇതായിരിക്കില്ല നിനക്കുള്ള മറുപടി ”

മുൻപോട്ട് നടന്നിട്ട് തിരിച്ചു വരുന്ന പവിത്രയെ കണ്ടു ഇനി എന്താണെന്നുള്ള ഭാവത്തിൽ മാധവ് നിന്നു.
കാലിലെ ചെരിപ്പ് ഊരി ഒരെണ്ണം കൂടി അവന്റെ കാരണത്തിന് കൊടുത്തു.

” ഇത് എന്റെ അമ്മയെ കുറിച്ച് നീ ഡേവിച്ചനോട് പറഞ്ഞതിന്…
ഇവിടം കൊണ്ട് നിർത്തിക്കോണം ”

മുഖത്ത് കിട്ടിയ അടിയുടെ വേദന ആയിരുന്നില്ല മാധവിന് അപ്പോൾ… മറിച്ചു അഭിമാനം വൃണപ്പെട്ട വേദന….
മാധവേട്ടാ എന്ന് വിളിച്ചു തന്റെ പുറകേ നടന്നിരുന്ന തന്റെ ഒരു നോട്ടത്തിന് വേണ്ടി പോലും കാത്തിരുന്ന പവിത്രയിൽ നിന്നും തന്റെ മുഖത്ത് ആഞ്ഞടിക്കാൻ കരുത്തുള്ള പെണ്ണായി അവൾ മാറിയിരിക്കുന്നു എന്ന യാഥാർഥ്യം മാധവിന് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു.

മാധവിന്റെ അടുത്ത് നിന്നും തിരിച്ചു വരുമ്പോൾ ആദ്യം മുന്നിൽ കണ്ടത് ഡേവിച്ചനെ ആണ്.

” എന്താണ് പവിത്ര മേഡം നല്ല സന്തോഷത്തിൽ ആണല്ലോ ”

” മ്മ് കുറച്ചു സന്തോഷത്തിൽ തന്നെ ആണ്… കുറേ നാളായി മനസ്സിൽ കൊണ്ട് നടന്ന കാര്യം ഇന്ന് പൂർത്തിയാക്കാൻ സാധിച്ചു. ”

” അതെന്താ ”
ഡേവിഡിന്റെ ആകാംഷ കണ്ടപ്പോൾ പവിത്രക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.

” കൂട്ടുകാരനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ടുണ്ട് ”

” ആർക്കിട്ട് മാധവിനോ ”

” മ്മ് അതെ…
കിട്ടിയേ തീരൂന്നു അവന് വാശി അപ്പോൾ കൊടുത്തു. ഇനി എങ്കിലും ഒതുങ്ങി കഴിഞ്ഞാൽ അവന് കൊള്ളാം…
ഒന്ന് ഉപദേശിച്ചെക്ക് കൂട്ടുകാരനെ ”

പവിത്ര മാധവിനെ തല്ലിയത് ഡേവിഡിന് ഇഷ്ടപ്പെട്ടെങ്കിലും അത്രക്ക് സഹികെട്ടിട്ട് ആയിരിക്കും പവിത്ര പ്രതികരിച്ചതെന്ന് ഓർത്തപ്പോൾ…..
എത്രയും പെട്ടെന്ന് തന്നെ മാധവിനെ ഒതുക്കണം എന്ന് അവൻ തീരുമാനിച്ചു.

ഇന്നാണ് ആദിയുടെയും സൗമ്യയുടേയും കല്യാണം. രാവിലെ ഒൻപത് മണിക്കുള്ള മുഹൂർത്തം ആയത് കൊണ്ട് തന്നെ താലി കെട്ടു ചടങ്ങ് അമ്പലത്തിൽ വെച്ച് നടത്തിയിട്ട് വീട്ടിൽ എല്ലാർക്കുമുള്ള ആഹാരം ഒരുക്കിയിരുന്നു.

സൗമ്യ ഒറ്റമോൾ ആയത് കൊണ്ടും കാര്യമായിട്ട് ബന്ധുബലം ഇല്ലാത്തത് കൊണ്ടും ഡേവിഡ് ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു കൊണ്ടിരുന്നു. ഡേവിഡിന്റെ ഒപ്പം വിഷ്ണുവും ഉണ്ടായിരുന്നു.

കല്യാണത്തിന് ഉടുക്കാൻ ആദി വാങ്ങി കൊടുത്ത സാരിയാണ് പവിത്ര ഉടുത്തിരുന്നത്. ആ സാരിയിൽ എല്ലായ്പോഴും കാണുന്നതിനേക്കാൾ കൂടുതൽ ഭംഗി അവൾക്ക് വന്നത് പോലെ എല്ലാർക്കും തോന്നി.

പുണ്യക്ക് മാസം തികഞ്ഞിരിക്കുന്നത് കൊണ്ട് അമ്പലത്തിൽ വരാൻ കഴിയില്ലായിരുന്നു അതുകൊണ്ട് ആകാശും മോളും മാത്രമാണ് വിവാഹത്തിന് വന്നത്. താലികെട്ടും പുടവ കൊടുക്കലും കഴിഞ്ഞതിനു ശേഷം എല്ലാവരും വീട്ടിലേക്ക് പുറപ്പെട്ടു.

അമ്പലത്തിൽ ഉണ്ടായിരുന്ന മാധവ് പവിത്രയുടെ വീട്ടിലേക്ക് രമ്യക്കൊപ്പം പോയിരുന്നില്ല.
മാധവിന്റെ അടുക്കൽ പതിവില്ലാതെ കമ്പനി ചേർന്ന് വിഷ്ണു നടക്കുന്നത് ഡേവിച്ചൻ ശ്രദ്ധിച്ചിരുന്നു.

ആളും ആരവവും ഒതുങ്ങി കഴിഞ്ഞപ്പോഴാണ് ആദിക്ക് സൗമ്യയുടെ അടുത്ത് ഒന്ന് ചെല്ലാൻ കഴിഞ്ഞത്.
അവളോട് എന്തോ പറയാൻ തുടങ്ങുമ്പോഴാണ് ആദിയുടെ ഫോൺ ബെൽ അടിച്ചത്.

” ഹലോ.. ദാ വരുന്നു ” എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി.

” എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോണം…
പോയിട്ട് വന്നിട്ട് നമ്മുക്ക് വിശദമായി സംസാരിക്കാം ”
സൗമ്യയോട് അത്രയും പറഞ്ഞിട്ട് അവൻ വെളിയിലേക്ക് പോയി.

” സൗമ്യേ ആദി എവിടെ പോയതാ ”
കല്യാണ രാത്രി തന്നെ പുറത്തേക്ക് പോകുന്ന ആദിയെ കണ്ടതിന്റെ ദേഷ്യത്തിൽ ആയിരുന്നു പവിത്ര.

” അറിയില്ല പവിത്രേച്ചി ഒരു കോൾ വന്നു…അത്യാവശ്യം ആയിട്ട് പുറത്ത് പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയതാ ”

” അവനിങ്ങു വരട്ടെ അവന്റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഒന്ന് അറിയണം ”
പവിത്ര പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

ഇതേസമയം മറ്റൊരിടത്ത് മദ്യ സേവ നടത്തുകയാണ് മാധവ്…
കൂട്ടിന് വിഷ്ണുവും.

” എന്നാലും മാധവേട്ടാ ഞാൻ അറിഞ്ഞില്ല കേട്ടോ പവിത്രയും ചേട്ടനും തമ്മിൽ ഇങ്ങനൊരു റിലേഷൻ ഉണ്ടായിരുന്ന കാര്യം. അവൾ എന്നിട്ട് ചേട്ടനെ തേച്ചല്ലേ ”
മാധവിന്റെ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് വിഷ്ണു ചോദിച്ചു.

” മാധവിനെ തേക്കാൻ അവൾ ഒരു ജന്മം കൂടെ ജനിക്കണം… ”
കുഴയുന്ന നാവ് കൊണ്ട് മാധവ് പറഞ്ഞു കൊണ്ടിരുന്നു.

” നിനക്ക് അറിയോടാ വിഷ്ണു എനിക്ക് അവളോട് ഇഷ്ടം ശരിക്കും ഉണ്ടായിരുന്നു. ആരാടാ അവളെ ഇഷ്ടപ്പെടാത്തത്… ഒരുപാട് അങ്ങ് സൗന്ദര്യം ഇല്ലെങ്കിലും എന്തോ ഒരു ആകർഷണം ആയിരുന്നു അവൾക്ക്…
അല്ല ആരോടാ ഞാൻ ഈ പറയുന്നത്… നീയും അവളുടെ പുറകേ കുറേ നടന്നതല്ലേ ”

വിഷ്ണുവിന്റെ ചുമലിൽ കളിയായി അടിച്ചു കൊണ്ട് മാധവ് ചോദിച്ചു.
അതിന് മറുപടിയായി വിഷ്ണു വെറുതെ മൂളി.

” എല്ലാരും കൊതിച്ച അവളുടെ സ്നേഹം എനിക്ക്… എനിക്ക് മാത്രം സ്വന്തം ആയിരുന്നു. പക്ഷേ അവൾ എപ്പോഴും ഒരു അകലം പാലിച്ചിരുന്നു. ആവശ്യമില്ലാതെ അവളുടെ വിരലിൽ ഒന്ന് തൊടാൻ പോലും പെണ്ണ് സമ്മതിച്ചിരുന്നില്ല.
പിന്നെ പിന്നെ കാര്യങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞു…
രമ്യ അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ…
പവിത്രയേക്കാൾ നല്ലത് അവൾ ആണെന്ന് തോന്നിയപ്പോൾ മനസ്സ് രമ്യയിലേക്ക് ചാഞ്ഞു. എങ്കിലും പവിത്രയെ വിട്ടുകളയാൻ മനസ്സ് അനുവദിച്ചില്ല….
അവളോട് ആരാ ഒരു കുടുംബത്തിന്റെ ഭാരം മൊത്തം തലയിൽ എടുത്തു വെയ്ക്കാൻ പറഞ്ഞത്…. ”

ഒഴിച്ചു വെച്ച അടുത്ത ഗ്ലാസും വലിച്ചു കുടിച്ചു കൊണ്ട് മാധവ് എണീറ്റു.

” അപ്പൊ മാധവേട്ടൻ എന്താ പറഞ്ഞു വരുന്നത് പവിത്രയെ ഇപ്പോഴും ഇഷ്ടം ആണെന്നാണോ ”

” ഇഷ്ടം അല്ല ഒരു തരം ആവേശം ആണ് അവളോട്… എന്റെ കയ്യിൽ പിടി തരാത്ത സ്വർണ്ണ മത്സ്യം. ജാതകദോഷം കാരണം കെട്ടാതെ വീട്ടിൽ നിൽക്കുമ്പോൾ അവൾ എന്റെ വഴിക്ക് വരുമെന്ന് ഞാൻ കരുതി… പക്ഷേ അവൾ അങ്ങനൊന്നും വഴങ്ങുന്ന പെണ്ണല്ല നല്ല വാശിയും ദേഷ്യവുമുള്ള ഉശിരുള്ള പെണ്ണ്..
എനിക്ക് വേണം അവളെ… ഞാൻ നേടും അവളെ ”

” നീ ഞൊട്ടും ”
പുറകിൽ നിന്നും ആഞ്ഞൊരു ചവിട്ട് കിട്ടി മാധവ് കമഴ്ന്നടിച്ചു വീണു.

” വിഷ്ണു .. നീ ”
തിരിഞ്ഞ് നോക്കിയ മാധവ് കണ്ടു മുണ്ട് മടക്കി കുത്തി നിൽക്കുന്ന വിഷ്ണുവിനെയും അവന്റെ രണ്ട് സൈഡിലുമായി നിൽക്കുന്ന ഡേവിഡിനെയും ആദർശിനെയും.

” നീ എന്താടാ കരുതിയത് നിന്റെ കൂടെ കള്ളും മോന്തി പവിത്രയെ കുറിച്ച് ആഭാസവും പറഞ്ഞിരിക്കാൻ ഞാൻ വന്നതാണെന്നോ ”
വിഷ്ണു മാധവിന്റെ അടുക്കൽ വന്നു ഒരു കാൽ മടക്കി ഇരുന്നു കൊണ്ട് ചോദിച്ചു.

” വിഷ്ണു സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ആത്മാർഥമായി തന്നാ… കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നാ… അല്ലാതെ നിന്നെ പോലെ പെണ്ണിന്റെ ശരീരത്തെ മാത്രം അല്ല സ്നേഹിച്ചത്. ശരിയാ നീ പറഞ്ഞത് പവിത്രയ്ക്ക് ഒരു പ്രത്യേക ആകർഷണ ശക്തി ഉണ്ട്… അവളെ പോലൊരു പെണ്ണ് നിന്നെ പോലൊരു നപുംസകത്തെ ഇഷ്ടപ്പെട്ടല്ലോ എന്നോർത്താ എനിക്ക് ദുഃഖം ”

” ഇങ്ങോട്ട് മാറു വിഷ്ണു ചേട്ടാ ഇവനോട് ഒന്നും സംസാരിച്ചു മിനക്കെടരുത്… തല്ലി തീർക്കാനുള്ളത് തല്ലി തന്നെ തീർക്കണം ”

വിഷ്ണുവിനെ മാറ്റിയിട്ട് ആദി മാധവിനെ വലിച്ചു എണീപ്പിച്ചു.

” ഉശിരുള്ള പെണ്ണിന് ഉശിരുള്ള ഒരു ആങ്ങള കൂടി ഉണ്ടെടാ ”
മുഷ്ടി ചുരുട്ടി മാധവിന്റെ മൂക്കിനിട്ട് തന്നെ ആദി ഇടിച്ചു. മൂക്കും പൊത്തി മാധവ് പുറകോട്ട് വേച്ചു.

” നീ കണ്ടിട്ടുള്ളത് പവിത്രയുടെ നട്ടെല്ലില്ലാത്ത രണ്ട് ആങ്ങളമാരെയാ… ഇത് വേറെയാ മോനെ സാധനം നീ മേടിക്കാൻ കിടക്കുന്നതേയുള്ളു ”
കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം വായിലേക്ക് കമഴ്ത്തിയിട്ട് ഡേവിച്ചൻ മാധവിനോട് പറഞ്ഞു.

തന്റെ കലി തീരുന്നത് വരെ ആദി മാധവിനെ പ്രഹരിച്ചു കൊണ്ടിരുന്നു. തിരിച്ചു പ്രതികരിക്കാൻ മാധവ് ശ്രമിക്കുന്നുണ്ടെങ്കിലും ആദിയുടെ കൈ കരുത്തിനു മുൻപിൽ അവന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

” ആദി ”
ഡേവിച്ചൻ എറിഞ്ഞു കൊടുത്ത ഇരുമ്പ് വടി കൊണ്ട് ആദി മാധവിന്റെ കൈക്കും കാലിനും ശക്തിയായി താഡനം ഏൽപ്പിച്ചു. മാധവിന്റെ അലറി കരച്ചിൽ അവർക്ക് ഒരു ലഹരി ആയിരുന്നു.
വീണ്ടും അടിക്കാൻ തുനിഞ്ഞ ആദിയെ വിഷ്ണു തടഞ്ഞു.

” പവിത്രേച്ചി എന്റെ ജീവനാ അവരുടെ മേൽ ഇനി ഒരിക്കലും നിന്റെ കണ്ണു പതിയരുത്… അതിനു വേണ്ടിയാണ് ഈ താക്കീത്. കൊല്ലാതെ വിടുന്നത് രമ്യേച്ചിയെ ഓർത്ത് മാത്രമാണ്.
ഈ കിടപ്പിൽ നിന്നും എണീറ്റ് കഴിഞ്ഞിട്ടും നിനക്ക് പവിത്രയെ വേണമെന്ന് തോന്നിയാൽ കൊന്നുകളയാനും ഞാൻ മടിക്കില്ല.
ഓർത്തോ പവിത്രക്ക് ചുറ്റും കാവലായി ഞങ്ങളുണ്ടാകും… ”
മാധവിന്റെ നെഞ്ചിൽ കാൽ വെച്ച് കൊണ്ട് ആദി പറഞ്ഞു.

” എന്നാ ശരി ആദി നീ വിട്ടോ ഞങ്ങൾ ഇവനെ ഹോസ്പിറ്റലിൽ ആക്കട്ടെ ”
ഡേവിച്ചൻ ആദിയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അവൻ വീട്ടിൽ എത്തിയപ്പോൾ എല്ലാരും ഉറക്കം ആയിരുന്നു.
സൗമ്യ ആണ് വാതിൽ തുറന്നു കൊടുത്തത്.

മുറിയിൽ എത്തി കഴിഞ്ഞപ്പോൾ ആണ് ആദിയുടെ വെള്ള ഷർട്ടിൽ പതിഞ്ഞിരിക്കുന്ന ചെളിയും രക്തവും സൗമ്യ കണ്ടത്.

” അയ്യോ ഇതെന്ത് പറ്റിയതാ ”
സൗമ്യ ഉച്ചത്തിൽ ചോദിച്ചു.

” യ്യോ ഒന്ന് പതുക്കെ ചോദിക്കേടി ”
ആദി സൗമ്യയുടെ വായ പൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ ഒന്ന് അടങ്ങിയെന്നു കണ്ടതും ആദി കൈ മാറ്റി.

” ഇതെന്ത് പറ്റിയതാ സർ…എവിടേലും വീണതാണോ ”

” നീ പേടിക്കണ്ട ഞാൻ എവിടെയും വീണതല്ല… പുതിയൊരു ജീവിതം തുടങ്ങുന്നതിനു മുൻപ് അത് ഉണ്ടാക്കി തന്ന ആൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്യാൻ പോയതാ ”
അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ സൗമ്യ കണ്ണു മിഴിച്ചു നിന്നു.

” ഒക്കെ ഞാൻ പിന്നെ പറഞ്ഞു തരാം…
ഇനി അത് ആലോചിച്ചു ഈ കുഞ്ഞി തല പുകക്കണ്ട…
ഇപ്പൊ നീ കിടന്നു ഉറങ്ങിക്കോ നല്ല ക്ഷീണം കാണില്ലേ…
നമ്മുക്ക് നാളെ സംസാരിക്കാം ”

അവൻ അത് പറയേണ്ട താമസം പുതപ്പും തല വഴി മൂടി സൗമ്യ ഉറങ്ങാൻ കിടന്നു.

” ആഹ് ബെസ്റ്റ് ”
അവൻ ചിരിയോടെ സൗമ്യയെ നോക്കി ഇരുന്നു.

രാവിലെ അമ്പലത്തിൽ പോയിട്ട് വന്ന ആദിയും സൗമ്യയും അകത്തേക്ക് കേറുന്നതിനു മുൻപ് പവിത്ര ആദിയെ പിടിച്ചു നിർത്തി.

” നീ ഇന്നലെ രാത്രി എവിടെ പോയതാ… കല്യാണം കഴിച്ചു ഒരു പെണ്ണിനെ വീട്ടിൽ കൊണ്ട് വന്ന അന്ന് രാത്രി തന്നെ അവളെ ഒറ്റക്ക് ആക്കി പുറത്ത് പോകാനും മാത്രം എന്ത് അത്യാവശ്യം ആയിരുന്നു നിനക്ക്…
ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നീ കാരണം ഇവളുടെ കണ്ണ് നിറയാൻ ഒരു അവസരം ഉണ്ടാകരുത് ഉണ്ടായാൽ പവിത്രയുടെ ശരിക്കുള്ള സ്വഭാവം നീ അറിയും ”

അവൻ ഒന്നും മിണ്ടാതെ ഒളികണ്ണാൽ സൗമ്യയെ നോക്കി. പവിത്ര അവനെ വഴക്ക് പറയുന്നത് ആസ്വദിച്ചു ചിരിച്ചോണ്ട് നിൽക്കുവായിരുന്നു അവൾ.

” ആഹ് തുടങ്ങി നിങ്ങൾ അകത്തേക്ക് വാ മക്കളെ…അവൾ ഇങ്ങനെ രാവിലെ ഭരിക്കാൻ തുടങ്ങും നിങ്ങൾ അത് കാര്യമാക്കണ്ട ”
പത്മം വന്നു അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.

പതിവുപോലെ പത്രം എടുക്കാൻ വന്ന ഡേവിഡ് പവിത്രയുടെ ചൂഴ്ന്നുള്ള നോട്ടം കണ്ടു കള്ളന്മാരെ പോലെ അവളെ പാളി നോക്കി.

” ഇന്നലെ രാത്രി എവിടെ പോയതാ ഡേവിച്ചാ നിങ്ങൾ ”
പവിത്രയുടെ ചോദ്യത്തിന് മുന്നിൽ കളളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവൻ തല കുനിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

Share this story