പവിത്ര: PART 25

പവിത്ര: PART 25

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

” മര്യാദക്ക് പറഞ്ഞോ ഡേവിച്ചാ നിങ്ങൾ രണ്ടും കൂടെ ഇന്നലെ മാധവിനെ എന്താ ചെയ്തത് ”
പവിത്ര ചോദ്യം ചെയ്യൽ തുടരാൻ തന്നെയായിരുന്നു ഭാവം.

” അല്ല മാധവിനെ ഞങ്ങൾ സ്നേഹിച്ച കാര്യം തനിക്ക് എങ്ങനെ മനസ്സിലായി ”
ഡേവിച്ചൻ മനസ്സിൽ തോന്നിയ കാര്യം ചോദിക്കുക തന്നെ ചെയ്തു.

” ആഹ് അത് രാവിലെ തന്നെ അമ്മാവൻ വിളിച്ചിരുന്നു…
മാധവ് ഹോസ്പിറ്റലിൽ ആണെന്നും ജോലി സ്ഥലത്തുള്ള ഏതോ ശത്രുക്കൾ ചേർന്ന് ഉപദ്രവിച്ചു എന്നൊക്കെ അമ്മയോട് പറയുന്നത് കേട്ടു. അപ്പോഴേ മനസ്സിലായി ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ”

” ഏത് കീചകൻ… ഏത് ഭീമൻ ”

” അത് ഞങ്ങളുടെ പുരാണ കഥകളിൽ ഉള്ള രണ്ട് കഥാപാത്രങ്ങൾ ആണ്.
എന്തായാലും കല്യാണ ദിവസം തന്നെ
ആദിയെ വിളിച്ചോണ്ട് പോയി
ഈ പണി ചെയ്യിക്കണ്ടായിരുന്നു ”

” അയ്യോ ഞാൻ വിളിച്ചോണ്ട് പോയത് ഒന്നും അല്ല… ചെറുക്കന് ഭയങ്കര നിർബന്ധം അന്ന് തന്നെ അവനെ ചതയ്ക്കണം എന്ന്. ആദിയും വിഷ്ണുവും കൂടിയാണ് എല്ലാം സെറ്റ് ചെയ്തത്… ”

” ഓഹോ വിഷ്ണുവും ഉണ്ടായിരുന്നോ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നോട് എന്തെങ്കിലും മാധവ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് തിരിച്ചു പ്രതികരിക്കാൻ എനിക്ക് അറിയാം…
അതിന് ആരുടേയും സഹായം ആവശ്യമില്ല… പ്രത്യേകിച്ച് ഇതുപോലുള്ള..
ആദിയോട് പ്രത്യേകം പറഞ്ഞേക്കണം.
അവൻ ഒറ്റത്തടി അല്ല ഇപ്പോൾ…
വെറുതെ അവളെ കരയിക്കാൻ ഒരു അവസരം ഉണ്ടാക്കരുത് ”
കുറച്ചു കടുപ്പത്തിൽ തന്നെ ഇത്രയും ഡേവിഡിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടാണ് പവിത്ര അകത്തേക്ക് പോയത്.

” വേണ്ടി വന്നാൽ ഇനിയും ഇഞ്ച ചതയ്ക്കുന്ന പോലെ മാധവിനെ ചതയ്ക്കും പവിത്ര കൊച്ചേ…
മാധവിനെ എന്നല്ല നിന്നോട് ദ്രോഹം ചെയ്യുന്ന ആരെയും… ”
ഡേവിച്ചൻ ചിരിയോടെ പത്രത്താളുകൾ മറിച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഡേവിഡ് മാധവിനെ കാണാനായി ഹോസ്പിറ്റലിൽ ചെന്നു.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാധവിന്റെ അരികിൽ ഇരിക്കുന്ന രമ്യയിൽ ആണ് ഡേവിഡിന്റെ കണ്ണുകൾ ഉടക്കിയത്. മരുന്നിന്റെ സെഡേഷൻ മൂലം മയക്കത്തിൽ ആയിരുന്നു മാധവ്.

” എല്ലാം നേരെയായി വരാൻ മാസങ്ങൾ കാത്തിരിക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്… ”
വിവരങ്ങൾ തിരക്കിയ ഡേവിച്ചനോട് രമ്യ പറഞ്ഞു.

” എന്നാലും ആരാ ഡേവിച്ചായാ മാധവേട്ടന്റെ ശത്രുക്കൾ… നിങ്ങൾക്ക് അറിയാമോ ഏട്ടനെ ഈ പരുവത്തിൽ ആക്കിയവരെ ”
രമ്യ പ്രതീക്ഷയോടെ അവനെ നോക്കി. മയക്കം വിട്ടുണർന്ന മാധവ് ഡേവിഡിനെ കണ്ടതും പേടിയോടെ നോക്കി.
അവനെ ഒന്ന് നോക്കിയിട്ട് ഡേവിച്ചൻ അവളോട് പറഞ്ഞു

” ഞാൻ ആണ് ഇത് ചെയ്തത്… ”
രമ്യ ഞെട്ടലോടെ അവനെ തുറിച്ചു നോക്കി. താൻ കേട്ടതിലെ തെറ്റ് ആണോ എന്ന് അറിയാൻ അവൾ എടുത്തു ചോദിച്ചു

” എന്താ പറഞ്ഞത് ”
തീരെ വയ്യെങ്കിലും ആവുന്നതും തല കൊണ്ട് മാധവ് പറയരുതെന്ന് ഡേവിഡിനോട് അപേക്ഷിച്ചു.

” മാധവിനെ ഉപദ്രവിച്ചത് ഞാനും ആദിയുമാണ്… ”

” എന്തിന് എന്ത് തെറ്റ് നിങ്ങളോട് ചെയ്തിട്ടാ നിങ്ങൾ ഇത് ചെയ്തത്… ”
രമ്യയുടെ ദേഷ്യത്താൽ വലിഞ്ഞു മുറുകി.

” ഭർത്താവിനെ ഇത്രയധികം സ്നേഹിക്കുന്ന നീ അറിയണം ഇവന്റെ ദുഷിച്ച മനസ്സ്… നിന്റെ സഹോദരിയായ പവിത്രയോട് ഇവൻ ചെയ്ത ചതിയും ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹവും ”

ഡേവിച്ചൻ പറയുന്നതൊന്നും മനസ്സിലാക്കാൻ കഴിയാതെ രമ്യ അമ്പരന്നു നിൽക്കുകയാണ്.
ഒന്നൊഴിയാതെ എല്ലാം എല്ലാം തന്നെ ഡേവിച്ചൻ മാധവിന്റെ സാന്നിധ്യത്തിൽ രമ്യയോട് പറഞ്ഞു.
ഇന്നേ വരെ പവിത്ര ഒരു സൂചന പോലും നൽകാതെ മനസ്സിൽ ഒളിപ്പിച്ച മാധവിന്റെ ചതിയും അവന്റെ വൃത്തികെട്ട സ്വഭാവവും രമ്യയോട് ഡേവിച്ചൻ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തളർച്ചയോടെ അവൾ താഴേക്ക് ഊർന്ന് ഇരുന്നു. ഒരിക്കലും തന്റെ ഭർത്താവിന്റെ സ്വഭാവം ഇങ്ങനെ ആയിരിക്കുമെന്ന് അവൾ കരുതിയതല്ല…. വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എങ്കിലും എല്ലാ സാഹചര്യങ്ങളും വെച്ച് കൂട്ടി വായിക്കുമ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല.
അത്രയേറെ പവിത്രയെ അവൾക്ക് വിശ്വാസം ആയിരുന്നു.

” രമ്യേ മോളേ ഇതൊന്നും നിന്നെ അറിയിക്കരുതെന്ന് ആണ് പവിത്ര ആഗ്രഹിച്ചിരുന്നത്. നീ എന്നല്ല ആരും…. എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കാൻ ആ പാവം ശീലിച്ചു. എന്നിട്ടും ഈ ദുഷ്ടൻ അവളെ വെറുതെ വിടാതെ ശല്യമായി പുറകേ കൂടിയത് കൊണ്ടാണ് എനിക്കും ആദിക്കും ഇത് ചെയ്യേണ്ടി വന്നത്… ”

ഡേവിച്ചൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു രമ്യ.

” ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടാകില്ല എനിക്ക് അറിയാം… പക്ഷേ ഇതാണ് സത്യം നിന്റെ സ്വന്തം സഹോദരൻ രാജേഷിനോട് ചോദിച്ചു നോക്ക് അവൻ പറഞ്ഞു തരും ഇതാണ് സത്യമെന്ന്….
എന്തിന് ഈ നെറികെട്ടവന്റെ മുഖത്തേക്ക് നീ ഒന്ന് നോക്ക്… ആ മുഖത്തെ ഭയം കണ്ടാൽ നിനക്ക് മനസിലാക്കാം എല്ലാം ”

എല്ലാം തകർന്നവനെ പോലെ കിടന്ന മാധവ് തന്നെ സൂക്ഷിച്ചു നോക്കുന്ന രമ്യയുടെ കണ്ണുകളെ നേരിടാൻ കഴിയാതെ പതറി.

” എനിക്ക് പവിത്രയെ കാണണം ഡേവിച്ചായാ..”
മുഖം അമർത്തി തുടച്ചു കൊണ്ട് രമ്യ താഴെ നിന്നും എണീറ്റു.
ഡേവിഡ് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു രമ്യ വാതിലിന് നേർക്ക് നടന്നു.

” ഡേവിച്ചായൻ എന്നെ ഒന്ന് കൊണ്ടുപോകാമോ അവളുടെ അടുത്തേക്ക് ”
ദയനീയമായ അവളുടെ ചോദ്യം കേട്ടപ്പോൾ ഡേവിഡിനും വിഷമം തോന്നി. രാജേഷിന്റെ അനിയത്തിയെ സ്വന്തം അനിയത്തിയായി തന്നെയാണ് താനും കണ്ടിട്ടുള്ളത്.

ഇപ്പോൾ രമ്യ കടന്നു പോകുന്ന അവസ്ഥ ഓർക്കുമ്പോൾ അവനും വേദന തോന്നി. പക്ഷേ ഇതാണ് നടക്കേണ്ടത്… ഒപ്പമുള്ളത് പ്രാണനെ പോലെ സ്നേഹിക്കുന്നവൻ അവൻ എത്രത്തോളം അപകടകാരി ആണെന്ന യാഥാർഥ്യം അവന്റെ ഉള്ളിലെ വിഷം അത് അവൾ തിരിച്ചറിയേണ്ട സമയം ആയിരിക്കുന്നു.

ഇനി അവൾക്ക് തീരുമാനിക്കാം മുന്നോട്ട് എന്തെന്ന്… !
” വാ മോളേ ”
അവൻ മുന്നേ നടന്നു.

ഈ സമയം പവിത്ര ലൈബ്രറിയിൽ ആയിരിക്കുമെന്ന് ഡേവിഡിന് അറിയാമായിരുന്നു. മനസ്സ് തുറന്നു രണ്ടു സഹോദരിമാർക്കും സംസാരിക്കാൻ ഇപ്പോൾ വീടിനേക്കാളും അനുയോജ്യമായ സ്ഥലം അത് ലൈബ്രറി തന്നെയാണ്.

ആകെ തകർന്ന പോലെ നിൽക്കുന്ന രമ്യയെയും ഡേവിഡിന്റെ മുഖത്തെ സംഘർഷവും പവിത്രയെ ആശയ കുഴപ്പത്തിലാക്കി.

” നീ ഇത്രയും നാളും ഒളിപ്പിച്ചു വെച്ചതൊക്കെ എന്നോട് ഡേവിച്ചായൻ പറഞ്ഞു മോളേ…
എന്തുകൊണ്ട് നീ ഈ സത്യങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ല… ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ…. നിന്നെ ഞാൻ അവിശ്വസിക്കും എന്ന് കരുതിയോ… ”

വിതുമ്പലോടെ പവിത്രയെ രമ്യ കെട്ടിപ്പിടിച്ചു. എന്ത് പറയണമെന്ന് അറിയാതെ പവിത്ര ഡേവിഡിനെ നോക്കി.

” ഇനി എങ്കിലും ഇവള് അറിയണം ആ വിഷജന്തുവിന്റെ സ്വഭാവം…
ഒന്നുമറിയാതെ ഈ പാവം വിഡ്ഢിയെ പോലെ അവനെ സ്നേഹിച്ചു കൊണ്ടിരിക്കും….
അതിന് അനുസരിച്ചു അവൻ വഷളായി കൊണ്ടിരിക്കും ”
അത് പറഞ്ഞിട്ട് ഡേവിഡ് പുറത്തേക്ക് പോയി.

” രമ്യേ നീ കരയാതെ… കരച്ചിൽ നിർത്തി ഇവിടെ ഇരുന്നേ ”
അവിടുള്ള കസേരയിൽ രമ്യയെ ഇരുത്തിയിട്ട് പവിത്ര അവൾക്ക് കുടിക്കാൻ കൊണ്ട് വന്ന കുപ്പി വെള്ളം രമ്യയ്ക്ക് കൊടുത്തു.

” ഡേവിച്ചൻ പറഞ്ഞതൊക്കെ സത്യം തന്നെയാണ് രമ്യേ… ഒരേ സമയം നമ്മളെ രണ്ടുപേരെയും പ്രണയം നടിച്ചു മാധവ് വഞ്ചിക്കുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവ് ആണ് നമ്മുടെ ഇഷ്ടം പരസ്പരം തുറന്നു പറയാൻ അവൻ നമ്മളെ അനുവദിക്കാഞ്ഞത്.
നമ്മൾ രണ്ടു പേരിൽ എന്ത് കൊണ്ടും നല്ലത് നീ ആണെന്ന് മനസ്സിലാക്കി അവൻ എന്നെ ഒഴിവാക്കി. ”

വളരെ ശാന്തമായി പവിത്ര രമ്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

” അന്നും ഇന്നും ഞാൻ നിന്നെയും എന്റെ അമ്മാവനെയും ഓർത്താണ് എല്ലാം ഒതുക്കിയത്. ഇന്ന് ഇപ്പോൾ നിനക്ക് തീരുമാനിക്കാം മാധവ് നിന്റെ ജീവിതത്തിൽ വേണോ വേണ്ടായോ എന്ന്. വേണ്ടാ എന്ന് ആണെങ്കിൽ ഒരിക്കൽ പോലും ആരും ഈ കാര്യങ്ങൾ അറിയരുത്. അത് നീ എനിക്ക് വാക്ക് തരണം ”

” മാധവിനെ വേണ്ടാ എന്ന് ഞാൻ വെക്കില്ല ”
എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ രമ്യ പറഞ്ഞു.

” ഞാനും ഒരു പാപി ആണ് മോളേ… വയറ്റിൽ വളർന്ന ജീവനെ കൊന്ന മഹാപാപി. അതിനുള്ള ശിക്ഷ ആയി ഞാൻ കണ്ടോളാം ആ ദുഷ്ടനുമായുള്ള ജീവിതം. സന്തോഷത്തോടെയുള്ള ദാമ്പത്യം തുടരാൻ അല്ല.. സ്വയം തിരഞ്ഞെടുത്ത ജീവിതം ആയത് കൊണ്ട് അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് മാത്രം ഈ ബന്ധം പിരിയുന്നില്ല…
പക്ഷേ നിന്നോടും എന്നോടും ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ അവന് കൊടുക്കും…
അവന്റെ ഭാര്യയായി ജീവിച്ചു കൊണ്ട് തന്നെ ”

രമ്യയുടെ വാക്കുകളുടെ ഉറപ്പ് പവിത്ര തിരിച്ചറിയുന്നുണ്ടായിരുന്നു. അവളുടെ ഇഷ്ടം പോലെ എല്ലാം ചെയ്യട്ടെ എന്ന് തന്നെ പവിത്ര കരുതി.

*****************

ചെറിയ രീതിയിലുള്ള വിരുന്നുകളൊക്കെ കഴിഞ്ഞപ്പോൾ ആദിയും സൗമ്യയും കോളേജിൽ പോയി തുടങ്ങി. പവിത്ര വായനശാലയിലേക്ക് പോയി കഴിഞ്ഞാൽ പിന്നെ രണ്ടു അമ്മമാരും കൂടെ അകത്തെ ജോലി ഒക്കെ ഒതുങ്ങിയിട്ട് പറമ്പിലേക്ക് ഇറങ്ങും.
പത്മവും സാവിത്രിയും പച്ചക്കറി കൃഷിക്ക് ഇറങ്ങുമ്പോൾ സൗമ്യയുടെ അമ്മ ജയയും കൂടെ കൂടും.

ഒറ്റപ്പെട്ടുള്ള അമ്മയുടെയും മകളുടെയും ജീവിതത്തിന് ഒരുപാട് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. പുറമേ ഒന്നും കാണിക്കുന്നില്ല എങ്കിലും ഇപ്പോഴത്തെ ജീവിതം പവിത്ര നന്നായി തന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഒരു ഞായർ ആദി കൂട്ടുകാരന്റെ കല്യാണത്തിന് പങ്കെടുക്കാൻ കോട്ടയത്ത്‌ പോയിരിക്കുകയാണ്. സൗമ്യക്ക് പനി ആയത് കൊണ്ട് അവൾ വീട്ടിൽ തന്നെ നിന്നു. രാത്രി പത്തുമണിയോട് അടുപ്പിച്ചു വീട്ടിൽ എത്തും എന്ന് പറഞ്ഞെങ്കിലും അവൻ വന്നില്ല.

” ആദിയെ വിളിച്ചു നോക്കിയില്ലേ നീ ”
പത്മം സൗമ്യയോട് ചോദിച്ചു.

” വിളിച്ചു പക്ഷേ പരിധിക്ക് പുറത്തു എന്നാ പറയുന്നത്.. ”
ആദിയെ കാണാത്തതിൽ സൗമ്യക്ക് ചെറിയ പരിഭ്രമം തോന്നി തുടങ്ങിയിരുന്നു.

രാത്രി ഒരു മണിയായിട്ടും ആദി എത്തിയില്ല. പവിത്രയുടെ ഉള്ളിലും എന്തോ ഒരു വല്ലായ്മ തോന്നി.
അപ്പോഴാണ് പവിത്രയുടെ ഫോൺ റിങ്ങ് ചെയ്തത്.
ആദിയുടെ നമ്പർ കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി. കോൾ അറ്റൻഡ് ചെയ്തു സംസാരിക്കും തോറും അവളുടെ മുഖം വിവർണ്ണമായി.

” ആദിയുടെ ഫ്രണ്ടിന് ഒരു ആക്സിഡന്റ്… അവൻ ഹോസ്പിറ്റലിൽ നിൽക്കുകയാണ്… പേടിക്കാൻ ഒന്നുമില്ല ”
പവിത്ര എല്ലാരോടുമായി പറഞ്ഞു.

” ആ എല്ലാരും പോയി കിടന്നോ ”

” പവിത്രേച്ചി വേറേ കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ… ആദിയേട്ടന് പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ ”
സൗമ്യക്ക് അപ്പോഴും ടെൻഷൻ മാറിയിരുന്നില്ല.

” ഒരു പ്രശ്നവും നിന്റെ ആദിയേട്ടന് ഇല്ല… നീ സമാധാനമായിട്ട് ഉറങ്ങിക്കോ ”

എല്ലാവരെയും ഉറങ്ങാൻ പറഞ്ഞു വിട്ടെങ്കിലും പവിത്രയ്ക്ക് ഉറങ്ങാൻ സാധിച്ചില്ല.രാവിലെ അഞ്ചുമണിക്ക് തന്നെ എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുന്ന പവിത്രയെ കണ്ടോണ്ട് ആണ് പത്മം എണീറ്റ് വന്നത്.

” നീ എവിടെ പോവാ പവിത്രേ ”

” എനിക്ക് അത്യാവശ്യം ആയിട്ട് ഒരിടം വരെ പോണം പോയിട്ട് വന്നിട്ട് കാര്യം പറയാം ”
പവിത്ര ധൃതിയിൽ പോകാൻ ഇറങ്ങി.

ആദി പറഞ്ഞ ഹോസ്പിറ്റലിന് മുന്നിൽ ഓട്ടോയിൽ വന്നു ഇറങ്ങുമ്പോൾ അന്ന് അച്ഛനെ കാണാൻ വന്നതാണ് പവിത്രക്ക് ഓർമ്മ വന്നത്. അന്ന് അനുഭവപ്പെട്ട വിറയലും ആധിയും ഇപ്പോഴും തന്നെ പൊതിയുന്നത് അവൾ അറിഞ്ഞു.

കാലുകൾ വലിച്ചു വെച്ച് കൊണ്ടവൾ റിസപ്‌ഷനിൽ എന്തൊക്കെയോ തിരക്കിയിട്ട് മുന്നോട്ട് നടന്നു.
തലേ ദിവസം മുഴുവൻ ഉറക്കം ഒഴിഞ്ഞ ക്ഷീണത്തോടെ കസേരയിൽ ഇരിക്കുന്ന ആദിയെ കണ്ടപ്പോൾ ആണ് ആ നടത്തം നിന്നത്.

” ആദി ”
അവൾ അവന്റെ അടുത്തേക്ക് നടന്നു. അവനും പവിത്രയെ കണ്ടു. പുറകിൽ നിന്നും ആരോ വിളിക്കുന്ന കേട്ട് പവിത്ര തിരിഞ്ഞു നോക്കി.

” ശാരിക ഏട്ടത്തി ”

” എന്താ എന്താ പറ്റിയത് എന്റെ മുരളിയേട്ടന് ”
ശാരിക പവിത്രയുടെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു. ആർത്തലച്ചു കരയുന്ന അവരെ അവൾ ചേർത്ത് പിടിച്ചു.

” ആദി എന്താ ഇപ്പൊ അവസ്ഥ… ”

” അറിയില്ല പവിത്രേച്ചി… ഡോക്ടർ ഒന്നും പറഞ്ഞില്ല ”
ആദിയും ആകെ ഭയന്നിട്ടുണ്ട്.

” മുരളി കൃഷ്ണന്റെ കൂടെയുള്ളവർ ആരാ ”
ICU വിന്റെ ഡോർ തുറന്നു വന്ന നഴ്സ് വിളിച്ചു ചോദിച്ചു.

പവിത്രയും ആദിയും അവരുടെ അടുത്തേക്ക് ചെന്നു.

” ഒരുപാട് ബ്ലഡ്‌ ലോസ് ആയിട്ടുണ്ട്.. എത്രയും പെട്ടെന്ന് O-ve ബ്ലഡ്‌ വേണം… ബ്ലഡ്‌ ബാങ്കിൽ ഇപ്പോൾ ഈ ഗ്രൂപ്പിലുള്ള ബ്ലഡ്‌ അവൈലബിൾ അല്ല… അതുകൊണ്ട് എത്രയും പെട്ടെന്ന് ബ്ലഡ്‌ സംഘടിപ്പിക്കണം… ”

എന്ത് ചെയ്യണമെന്ന് അറിയാതെ ശാരിക പവിത്രയെയും ആദിയേയും പകച്ചു നോക്കി.

” സിസ്റ്റർ എന്റെ ബ്ലഡ്‌ ഗ്രൂപ്പ് O-ve ആണ്. ”
ആദി പെട്ടെന്ന് പറഞ്ഞു.

” ഓക്കേ വരൂ ”
നേഴ്സ് പോയ റൂമിലേക്ക് ആദിയും പോയി.

എല്ലാം കണ്ടും കേട്ടും ശാരികയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. ശരീരത്തിന്റെ ഭാരം കുറഞ്ഞു താഴേക്ക് വീഴാൻ തുടങ്ങുമ്പോൾ പാതി അടഞ്ഞ കണ്ണുകളിൽ കൂടി
അവൾ കണ്ടു താഴെ വീഴാതെ തന്നെ താങ്ങി നിർത്തിയിരിക്കുന്ന പവിത്രയെ.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

Share this story