മിഥുനം: ഭാഗം 17

മിഥുനം: ഭാഗം 17

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

മിഥുൻ ഫോണെടുത്തു നിഹാ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഇന്നത്തെ സംഭവങ്ങൾ എഴുതിക്കൊണ്ട് ഒരു മെസ്സേജ് അയച്ചു.. മെസ്സേജ് സെന്റ് ആയതും അവൻ ഫോണിൽ ഒന്ന് ചുംബിച്ചതിന്‌ ശേഷം കണ്ണടച്ചു കിടന്നു .

അവനോർത്തു എന്നും താൻ നിഹയുടെ നമ്പറിലേക്ക് മെസ്സേജ് അയക്കുന്നത് . അവളുടെ ഫോൺ തന്റെ കയ്യിൽ തന്നെയാണുള്ളത്. എങ്കിലും എന്നും അതിലേക്ക് മെസ്സേജ് അയക്കുമ്പോൾ അവളത് കാണുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മറ്റുള്ളവർക്ക് കേൾക്കുമ്പോൾ ഭ്രാന്തായി തോന്നിയേക്കാം. എന്നാൽ തനിക്കതിൽ നിന്നു വല്ലാത്തൊരു ആശ്വാസം കിട്ടാറുണ്ട്.. നിഹാ നീയെന്റെ ലഹരിയാണ് . ഐ മിസ്സ്‌ യൂ ബാഡ്‌ലി….. കൺകോണിൽ ഉരുണ്ടുകൂടിയ നീർക്കണങ്ങളെ ഒരു വിരലാൽ ഒപ്പിമാറ്റി അവൻ കണ്ണുകളടച്ചു കിടന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ തന്നെ ദേവു എഴുന്നേറ്റ് പോകാനായി റെഡിയായി വന്നു. ഒപ്പം മിഥുനെയും റെഡിയാക്കിയിരുന്നു. ബാഗുകൾ എടുത്ത് വെച്ചോണ്ടിരിക്കുമ്പോഴാണ് ഹർഷൻ കയറിവന്നത്. കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ഒക്കെ ഉടുത്തിട്ട് വന്ന അവനെ കണ്ടു അജു അഹേം അഹേം ന്ന് വെറുതെ ചുമച്ചു.

“എന്താടാ നിനക്കൊരു ചുമ? ” ഹർഷൻ ചോദിച്ചു.

“അല്ല ഇത്രേം നാള് എക്സിക്യൂട്ടീവ് ലുക്കിൽ നടന്ന ഒരാളുടെ പുതിയ ലുക്ക്‌ കണ്ട് കണ്ണുതള്ളിപ്പോയതാ. ഈ പ്രേമത്തിന്റെ ഒക്കെ ഒരു ശക്തിയേ ”

“ഡേയ് ഡേയ് ഓവർ ആക്കി ചളമാക്കാതെ ”

താഴേക്കിറങ്ങി വന്ന മാളു ഹർഷനെ കണ്ടു കണ്ണെടുക്കാതെ നോക്കിനിന്നു.

“ഒരു മയത്തിനൊക്കെ നോക്കടി അളിയൻ ഉരുകിപ്പോകും. ”

മാളു അജുവിനെ നോക്കി കോക്രി കാണിച്ചു. എന്നിട്ട് ഹർഷനോട് മീശ പിരിക്കുന്നപോലെ ആംഗ്യം കാണിച്ചു. ഹർഷൻ ഒരു ചിരിയോടെ അവളെ നോക്കി മീശ പിരിച്ചിട്ട് ഷർട്ടിന്റെ കൈ മടക്കിവെച്ചു. മാളു ഒരു ഫ്ലയിങ് കിസ്സ് കൊടുത്തപ്പോഴേക്കും അജു അത് ചാടി വീണു പിടിച്ചെടുത്തിട്ട് ഹർഷന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊടുത്തു. മാളു അജുവിനെ നോക്കി പല്ലിറുമ്മി.

“ഞാനിവിടെ സിംഗിൾ പസങ്കേ ആയി നിക്കുമ്പോൾ എന്റെ മുന്നിൽ നിന്നു നീ ശൃംഗേരിക്കണ്ടടി “അജു പറഞ്ഞു .

“സിങ്കിളോ? നീയോ? നിന്റെയാ മദാമ്മേടെ പേരെന്താ ന്നാ പറഞ്ഞേ? ഞാൻ അമ്മായിനെ ഒന്ന് കാണട്ടെ ട്ടാ ”
മാളു പറഞ്ഞതും അജു ഒന്നിളിച്ചു കൊടുത്തു.

“അയ്യോടാ ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ… എന്റെ കൊച്ചു പഞ്ചാര അടിച്ചോട്ടോ “അജു പതിയെ അവിടെ നിന്നു സ്കൂട്ടായി..

“ചെക്കൻ നല്ല മൊഞ്ചൻ ആയിട്ടുണ്ടല്ലോ “മാളു ഹർഷനോട് പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചിട്ട് അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വീട്ടിൽ നിന്നിറങ്ങി തിരുനക്കര ക്ഷേത്രത്തിൽ കയറി തൊഴുതിട്ട് അവർ യാത്രയാരംഭിച്ചു… ആശ്രമത്തിൽ എത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു.. മുൻപേ വന്നു ഓഫീസ് കാര്യങ്ങളെല്ലാം തീർപ്പാക്കിയിരുന്നതിനാൽ അതിനു വേണ്ടി അധിക സമയം ചെലവാക്കേണ്ടി വന്നില്ല.. മിഥുനും ദേവികക്കും കിട്ടിയ മുറിയിൽ അവരുടെ സാധനങ്ങൾ എല്ലാം അജുവും ഹർഷനും കൂടി കൊണ്ടുപോയി വെച്ചു. പോകാനായി ഇറങ്ങിയതും രാധിക ദേവുവിനെ ചേർത്തുപിടിച്ചു.. ദേവു അവരെയും കെട്ടിപിടിച്ചിട്ട് പറഞ്ഞു

“അമ്മ വിഷമിക്കേണ്ട എത്രയും വേഗം ഉണ്ണിയേട്ടൻ തിരിച്ചുവരും അതും പൂർണ ആരോഗ്യത്തോടെ തന്നെ. അമ്മ സമാധാനമായിരിക്ക്. ”

ദേവുവിന് ഒരുമ്മ കൊടുത്തിട്ട് അവർ മിഥുനെ കെട്ടിപിടിച്ചു ..
“ന്റെ മോൻ എത്രയും വേഗം വന്നു അമ്മയെ കാണണം ”

യാത്ര പറഞ്ഞ് അവരെല്ലാം മടങ്ങിയതും മിഥുന്റെ മുഖം മാഞ്ഞു. അത് മനസിലാക്കിയപോലെ ദേവു അവന്റെ തോളിൽ കൈവെച്ചു.

“ഉണ്ണിയേട്ടൻ വിഷമിക്കേണ്ട.. ആരോഗ്യം നേടി പഴയപോലെ ആവാൻ ആണ് നമ്മളിവിടെ വന്നിരിക്കുന്നത്. എത്രയും വേഗം നമുക്ക് തിരിച്ചുപോകാം.അതുവരെ മനസ് വിഷമിപ്പിക്കരുതേ . വാ നമുക്ക് മുറിയൊക്കെ കാണാം. ”

ഓരോ ചെറിയ കുടിലുകൾ പോലെ ചെറു ക്വൊർട്ടേഴ്‌സ് ആയിട്ടായിരുന്നു ഓരോ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള താമസം.. വിശാലമായ സ്ഥലത്ത് ആയിരുന്നു ആശ്രമം സ്ഥിതി ചെയ്തിരുന്നത്.. ഒരു മതിലിനപ്പുറത്തു ആയിട്ടായിരുന്നു ആശുപത്രിക്കെട്ടിടം. അവിടെ കിടത്തി ചികിത്സ ആവശ്യമില്ലാത്തവർക്കും വൈദ്യസഹായം ലഭ്യമായിരുന്നു.
തങ്ങളുടെ മുറിയിൽ എത്തിയതും ദേവു ലൈറ്റുകൾ തെളിയിച്ചു. ഒരു മുറിയിൽ രണ്ട് കട്ടിലും ഒരു ചെറിയ അലമാരയും ഒരു കുളിമുറിയും ഉണ്ടായിരുന്നു .. അപ്പുറത്തെ മുറി ഉഴിച്ചിലിനുള്ള മുറിയാണെന്നു നേരത്തെ പറഞ്ഞ അറിവുവെച്ചു ദേവു മനസിലാക്കിയിരുന്നു… മിഥുനെ അവിടെയിരുത്തി ബാഗിൽ നിന്നു കൊണ്ടുവന്ന ബെഡ്ഷീറ്റെടുത്തവൾ കട്ടിലിൽ വിരിച്ചു. മിഥുന്റെ ഡ്രസ്സ്‌ മാറ്റികൊടുത്തിട്ടവൾ അവനെ കട്ടിലിൽ കിടത്തി. ദേവുവും ഡ്രസ്സ്‌ മാറി വന്നു അവനരുകിൽ ഇരുന്നു
അപ്പോഴേക്കും അവിടുത്തെ ജോലിക്കാരികളിൽ ഒരാൾ വന്ന് അവരോട് ഭക്ഷണത്തിനു സമയം ആയെന്നും കോമൺ ഡൈനിങ്ങ് ഹാളിലേക്ക് വരാനും പറഞ്ഞു.

ദേവു മിഥുനുമായി ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു . ഒരു ചെറിയ ഹാളിൽ തലങ്ങും വിലങ്ങുമായി മേശകളും കസേരകളും ഇട്ടിരുന്നു. ഒരു മേശയുടെ അരികിൽ മിഥുനെ ഇരുത്തിയശേഷം അവൾ അവർക്കുള്ള ഭക്ഷണവും എടുത്ത് തിരിച്ചുവന്നു. മിഥുന് വാരിക്കൊടുക്കാൻ തുടങ്ങി. അവൻ എതിർത്തെങ്കിലും കണ്ണുരുട്ടിക്കാട്ടി അവളത് മുഴുവൻ അവനെക്കൊണ്ട് കഴിപ്പിച്ചു… അവനു കുടിക്കാൻ വെള്ളം എടുത്തുകൊടുത്തു അവൾ പാത്രം കഴുകാനായി നടന്നു.. അവിടെ നേരത്തെ അടുത്ത ടേബിളിൽ ഇരുന്ന മറ്റൊരു ചേച്ചിയും ഉണ്ടായിരുന്നു. അവൾ അവരെ നോക്കി പുഞ്ചിരിച്ചു.

“മോള് എവിടുന്നാ? “അവർ ചോദിച്ചു.

“കോട്ടയം. ഇന്ന് വന്നതേ ഉള്ളൂ. ” അവൾ പറഞ്ഞു

“ഞങ്ങൾ പാലക്കാട്‌ നിന്നാ. വന്നിട്ട് രണ്ട് മാസത്തോളമായി.. മോൾക്ക് ചികിത്സക്ക് വേണ്ടി. ഇപ്പൊ നല്ല കുറവുണ്ട്. അടുത്ത മാസം പോകും. മോളുടെ ഭർത്താവാണോ അത്? ” അവർ മിഥുനെ ചൂണ്ടി ചോദിച്ചു.

“അതേ . എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ ചേച്ചീ ഭക്ഷണം കഴിച്ചിട്ട് സ്വാമിയേ ചെന്നൊന്നു കാണാൻ പറഞ്ഞിരുന്നു “അവരോട് പറഞ്ഞിട്ട് ദേവു മിഥുനെയും കൂട്ടി സ്വാമിയുടെ അടുത്തേക്ക് ചെന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“അപ്പൊ നാളെ മുതൽ നമുക്ക് ചികിത്സ ആരംഭിക്കാം.. മിഥുൻ മാത്രമല്ല ദേവികയും ചില ചിട്ടവട്ടങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്. ”

“ശെരി സ്വാമി ”

“ഇനിമുതൽ കുട്ടി ബ്രഹ്മമുഹൂർത്തത്തിൽ തന്നെ ഉണരണം. ആദ്യം ചെയ്യേണ്ടത് ഔഷധങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ഇയാളെ കുളിപ്പിക്കണം. അതിനുള്ള സൗകര്യങ്ങൾ ഒക്കെ അവിടെ തന്നെ ഉണ്ട്. ഔഷധങ്ങൾ ഇവിടെ തന്നെയുള്ള ഔഷധത്തോട്ടത്തിൽ നിന്നു തന്നെ പറിക്കുന്നതാണ്. അത് ഓഫീസിനോട് ചേർന്നുള്ള ഔഷധമുറിയിൽ നിന്നു കിട്ടും.. അവിടെ പോയി പറഞ്ഞാൽ മതി. ”

ദേവു തലയാട്ടി.. പിന്നെ നാളെ മുതൽ മിഥുന് ഭക്ഷണത്തിനു പഥ്യം ഉണ്ടാവും അതിനനുസരിച്ചുള്ള ഭക്ഷണം ഇവിടെനിന്നു തരും. ദേവികക്ക് സാധാരണ ഭക്ഷണവും ലഭിക്കും. രാവിലെ കുളി കഴിഞ്ഞതിനു ശേഷം ഉഴിച്ചിലിനുള്ള മുറിയിലേക്ക് വരണം രണ്ടാളും. അവിടെ ഉഴിച്ചിലിന്റെ സമയങ്ങളിൽ ദേവുവിന്റെ സാന്നിധ്യം ഉണ്ടാവണം. പിന്നെ ഉള്ളിൽ കഴിക്കാനുള്ള പച്ചിലമരുന്നു ദേവിക വേണം ഉണ്ടാക്കാൻ. അതിനുള്ള കൂട്ടും പാകങ്ങളും ഒക്കെ ദാ ഈ പേപ്പറിൽ ഉണ്ട്. ”
സ്വാമി ഒരു പേപ്പർ ദേവികക്ക് കൈമാറി.
” ദേവികയെ സഹായിക്കാൻ ഇവിടെയുള്ള ജോലിക്കാരിൽ ഒരാൾ ഉണ്ടാവും അതായത് അടുപ്പ് കൂട്ടാനും മറ്റും. പക്ഷെ ഔഷധം ദേവികയുടെ കൈകൊണ്ട് വേണം ഉണ്ടാക്കാൻ. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഔഷധം ഉണ്ടാക്കുന്നയാൾ വെള്ളിയാഴ്ചകളിൽ ഉപവസിക്കണം. അതായത് പകൽ സമയങ്ങളിൽ ആഹാരം പാടില്ല.

പിന്നെ വൈകുന്നേരങ്ങളിൽ യോഗയും മെഡിറ്റേഷനും ഉണ്ടാവും. ആ സമയങ്ങളിലും ദേവിക മിഥുനെ സഹായിക്കണം. പതിയെ പതിയെ മിഥുനെ നമുക്ക് എഴുന്നേൽപ്പിച്ചു നടത്താം. പക്ഷെ അതിനു രണ്ടാളുടെയും പൂർണമായ സഹകരണം ആവശ്യമാണ്. ”

മിഥുനും ദേവുവും സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി..

“എന്നാൽ പോയിക്കിടന്നു ഉറങ്ങിക്കോളൂ.. നാളെ മുതൽ പുതിയൊരു തുടക്കത്തിനായി പ്രാർത്ഥിച്ചോളു.. ”

സ്വാമിയോട് നന്ദി പറഞ്ഞു രണ്ടാളും മുറിയിലേക്ക് പോയി. ദേവു മിഥുനെ കിടത്തിയതിനു ശേഷം സ്വാമി തന്ന കുറിപ്പെടുത്തു വായിച്ചു ഹൃദിസ്ഥമാക്കാൻ ശ്രെമിച്ചു. അതുകണ്ട മിഥുൻ ചോദിച്ചു

“തനിക്ക് ഞാൻ കാരണം ബുദ്ധിമുട്ടായല്ലേ? ”

“ഇതൊക്കെ എന്റെ കടമയല്ലേ ഉണ്ണിയേട്ടാ. ഇപ്പൊ ആത്മാർത്ഥമായിട്ട് എഴുന്നേറ്റ് നടക്കാൻ ശ്രെമിക്കു കേട്ടോ. നമുക്ക് വേഗം വീട്ടിലേക്ക് പോവണ്ടേ? ”

ഹ്മ്മ് അവനൊന്നു മൂളി.

“ഈ അന്തരീക്ഷം തന്നെ ഒരു പോസിറ്റീവ് ഫീൽ തരുന്നുണ്ടല്ലേ? ഇവിടുത്തെ കാറ്റിനുപോലും ഔഷധങ്ങളുടെ മണമാണ്..എനിക്കിവിടെ വളരെ ഇഷ്ടമായി. “ദേവു ആവേശത്തോടെ പറഞ്ഞു.

“എന്നാൽ നമ്മുടെ എഗ്രിമെന്റ് കഴിഞ്ഞതിനുശേഷം നീ ഇവിടെ വന്ന് സ്വാമിയുടെ അസിസ്റ്റന്റ് ആയിട്ട് കൂടിക്കോ . ”

പെട്ടന്ന് ദേവുവിന്റെ മുഖം മാറി. അവളവനെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചെങ്കിലും കണ്ണിൽ നിന്നൊരു തുള്ളി കവിളിലേക്ക് ഒലിച്ചിറങ്ങി. അത് വേഗം തുടച്ചുമാറ്റി അവൾ എഴുന്നേറ്റുപോയി വാതിലടച്ചിട്ടു ഒഴിവുള്ള കട്ടിലിൽ കയറി കിടന്നു..

“നമുക്കുറങ്ങാം സാർ. രാവിലെ എണീക്കണ്ടതല്ലേ ” മറുപടി കാക്കാതെ അവൾ പുതപ്പെടുത്തു തലവഴി മൂടി .

എനിക്കൊരിക്കലും നിങ്ങളെ വിട്ടുപോകാൻ സാധിക്കില്ല ഉണ്ണിയേട്ടാ. നിങ്ങളോടൊപ്പം ഏഴുജന്മങ്ങളും ജീവിച്ചു മരിക്കണമെന്നാണ് എന്റെയാഗ്രഹം.
ദേവു പതിയെ കണ്ണുകളടച്ചു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ അലാറം കേട്ട് ദേവു എഴുന്നേറ്റു.. വേഗം തന്നെ തണുത്ത വെള്ളത്തിൽ കുളിച്ചിട്ടവൾ പുറത്തേക്ക് ഇറങ്ങി . അവിടവിടെയായി ലൈറ്റുകൾ ഒക്കെ തെളിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചുമാറി നിലത്തു അടുപ്പിനുവേണ്ടി കൂട്ടിയ കല്ലുകൾ ദേവു കണ്ടു. അപ്പോഴേക്കും ജോലിക്കാരിൽ ഒരാൾ വെള്ളം തിളപ്പിക്കാനുള്ള പാത്രവും ഔഷധങ്ങളും വിറകും മറ്റനുബന്ധ സാധനങ്ങൾ ഒക്കെയും ദേവുവിന് കൊടുത്തു. അവരെനോക്കി നന്ദി പറഞ്ഞിട്ട് ദേവു ചൂട് വെള്ളം ഉണ്ടാക്കി കുളിമുറിയിൽ വെച്ചശേഷം മിഥുനെ വിളിച്ചുണർത്തി . അവനെ കുളിപ്പിച്ചു ഒരു മുണ്ട് ഉടുപ്പിച്ചതിനുശേഷം മിഥുനെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി.. അവിടെ ഏകദേശം നടുക്കായി ഒരു വലിയ പലക ഇട്ടിരുന്നു. സ്വാമി പറഞ്ഞതിനനുസരിച്ചു ദേവുവും മറ്റൊരാളും കൂടി മിഥുനെ അതിൽ കിടത്തി. പലകയുടെ അരികിൽ തന്നെ ഔഷധങ്ങൾ ഒക്കെ വെക്കാനായുള്ള ചെപ്പുകളും ഉണ്ടായിരുന്നു..

അതിനു കുറച്ചപ്പുറം ഒരു എണ്ണത്തോണിയും സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു.. ചുവരിൽ ആകെ ദൈവങ്ങളുടെ പടങ്ങൾ വരച്ചു വെച്ചിരുന്നു . ഇടയ്ക്കിടെ ദൈവവചനങ്ങളും കോറിയിട്ടിട്ടുണ്ടായിരുന്നു.

ഈ സമയം സ്വാമി തന്റെ വിരലുകൾ കൊണ്ട് മിഥുന്റെ മേലാകെ ഒഴിഞ്ഞു എന്തോ ചിന്തിച്ച ശേഷം സഹായിയോട് എന്തോ പറഞ്ഞു. അയാൾ ചെപ്പുകളിൽ നിന്നു എന്തൊക്കെയോ മരുന്നുകൾ എടുത്ത് മിഥുന്റെ മേൽ മുഴുവൻ തേച്ചുപിടിപ്പിച്ചു ഉഴിയാൻ തുടങ്ങി . ഇടയ്ക്കിടെ മിഥുന്റെ മുഖം വേദനകൊണ്ട് ചുളിയുന്നത് കാണുമ്പോഴേക്കും ദേവുവിന്റെ മനസ് പിടഞ്ഞു തുടങ്ങിയിരുന്നു. ഒരു മണിക്കൂർ നേരത്തെ ഉഴിച്ചിലിനു ശേഷം അയാൾ നിർത്തി..

” ദേവികാ ഇനിയുള്ള സമയം താൻ ഉള്ളിൽ കഴിക്കാനുള്ള കഷായം തയ്യാറാക്കണം . എന്നും പുതിയത് തന്നെ ഉണ്ടാക്കണം. അത് മൂന്ന് നേരം കഴിപ്പിക്കുകയും വേണം. ഈശ്വരനെ ധ്യാനിച്ച് തുടങ്ങിക്കോളൂ. ”
ദേവിക വേഗം പുറത്തേക്കിറങ്ങി കഷായത്തിനുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മിഥുന് തന്റെ മേലാകെ വേദന അനുഭവപ്പെട്ടിരുന്നു. പക്ഷെ അതേ വേദന ദേവികയുടെ മുഖത്തു കണ്ടതും അവൻ നോട്ടം മാറ്റി മുന്നിലെ ദൈവത്തിന്റെ ഫോട്ടോയിലേക്ക് നോക്കി. മിഥുൻ തലചെരിച്ചു പുറത്തേക്ക് നോക്കി. ഒരു ചെറിയ സ്റ്റൂളിൽ ഇരുന്നു അടുപ്പത്തെ കഷായം ഇളക്കുകയാണ് അവൾ. ഇടയ്ക്കിടെ നേര്യതിന്റെ തലപ്പ് കൊണ്ട് വിയർപ്പ് ഒപ്പുന്നുമുണ്ട്. പാവം അവനു കഷ്ടം തോന്നി അവളുടെ കഷ്ടപ്പാട് കണ്ടു.

മിഥുന്റെ അരികിലേക്ക് വന്നവൾ ഒരു ഗ്ലാസ്‌ കഷായം അവന്റെ ചുണ്ടോട് അടുപ്പിച്ചു . കുടിച്ച അതേവേഗത്തിൽ അവനത് പുറത്തേക്ക് തുപ്പാൻ ആഞ്ഞതും ദേവു വേഗം അവന്റെ വാ പൊത്തിപിടിച്ചു. മിഥുനത് വിഴുങ്ങിയെന്നു ഉറപ്പായിട്ടാണ് അവൾ കൈ എടുത്തത്. മിഥുൻ അവളെ രൂക്ഷമായി നോക്കിയതും അവൾ പറഞ്ഞു

“അതേ മരുന്ന് കുടിച്ചാലേ വേഗം സുഖമാവൂ. ഇത്തിരി കൈപ്പുണ്ടാവും. അടുത്ത തവണ മുതൽ ഇത്തിരി ശർക്കര കൂടി ചേർത്ത് തരാം. ഞാൻ സ്വാമിയോട് ചോദിച്ചിട്ടുണ്ട്. ”

ഹ്മ്മ് മിഥുൻ നീട്ടിമൂളി.. ഉച്ചക്ക് മിഥുന് വേണ്ടി തയ്യാറാക്കിയ കഞ്ഞി അവൻ കുടിച്ചു
കഴിഞ്ഞതും ബാക്കി വന്നത് അവളും കഴിച്ചു.

“നീ എന്തിനാ ഇത് കഴിക്കുന്നത്? അതിൽ ഉപ്പൊന്നും ഇല്ല. നിനക്ക് ഉള്ളത് പോയി വാങ്ങി കഴിച്ചൂടെ? ”

“എനിക്കിത് മതി. “അവളത് മുഴുവൻ കുടിച്ചതിനു ശേഷം മിഥുന് വായിക്കാനുള്ള ബുക്കും എടുത്ത് കൊടുത്തിട്ട് ചെറുതായി ഒന്ന് മയങ്ങി..

വൈകുന്നേരം ഗാർഡനിൽ യോഗയുടെ സമയത്ത് മിഥുനുമായി അവൾ ചെന്നു . ബാക്കിയുള്ളവരെയൊക്കെ അവൾ നോക്കി ചിരിച്ചു കാണിച്ചു.. എട്ടുപേരോളം രോഗികൾ ആണ് മിഥുൻ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നത്. നിലത്തു വിരിച്ചിരുന്ന ഒരു മാറ്റിൽ ദേവു മിഥുനെ കാൽനീട്ടി വെച്ചു ഇരുത്തിച്ചു. പിന്നോട്ട് ആയാനായി വന്ന അവനെ തോളിൽ പിടിച്ചു സപ്പോർട്ട് ചെയ്ത് അവളവനരുകിൽ മുട്ടുകുത്തിയിരുന്നു.. ആദ്യ ദിവസം ആയതുകൊണ്ട് തന്നെ ബ്രീത്തിങ്എക്സെർസൈസുകൾ മാത്രമേ മിഥുനെ കൊണ്ട് ചെയ്യിച്ചുള്ളൂ.. അതിനു ശേഷം ദേവു മിഥുനെ ഔഷധത്തോട്ടവും ആശ്രമത്തിന്റെ ഒരു കോണിലായുള്ള ഭഗവതിയുടെ ശ്രീകോവിലും ഒക്കെ കാണിച്ചുകൊടുത്തു.

തുടർന്നുള്ള ദിവസങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു ദിനചര്യ. അതിരാവിലെ കുളി കഴിഞ്ഞതിനുശേഷം ഭഗവതിയെ വണങ്ങി ദേവീസ്തുതികൾ പാടുന്നത് ദേവുവിന്റെ ദിനചര്യ ആയി മാറിയിരുന്നു . മിഥുന് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമായിരുന്ന അവളുടെ മനോഭാവം മിഥുനിൽ അത്ഭുതവും ചിലപ്പോഴൊക്കെ സന്തോഷവും നിറച്ചു. എണ്ണത്തോണിയിൽ കിടക്കുന്ന സമയമത്രയും ചിലപ്പോഴൊക്കെ മിഥുൻ പുറത്തിരുന്നു കഷായം തയ്യാറാക്കുന്ന ദേവുവിനെ നോക്കി കിടക്കുമായിരുന്നു. പക്ഷെ നിഹയെക്കുറിച്ചു ഓർമ്മവരുമ്പോഴൊക്കെ ദേവുവിൽ നിന്നവൻ മിഴികൾ പറിച്ചെടുക്കും .

മുണ്ടും നേരിയതും ഉടുത്തു നെറ്റിയിലെ ചന്ദനക്കുറിയുമായി തനിക്കരികിലേക്ക് വരുന്നവൾ ഒരു ദേവി aആണെന്ന് തന്നെ മിഥുന് ചിലപ്പോഴെല്ലാം തോന്നിപ്പോയി..

അന്നൊരു ദിവസം രാത്രി കറന്റ്‌ പോയതും മിഥുനെ വിയർത്തൊഴുകാൻ തുടങ്ങി.

“ദേവികാ ” മിഥുൻ പതിയെ വിളിച്ചു .

അവന്റെ ശബ്ദം കേട്ടതും ഉറക്കത്തിൽ നിന്നവൾ ചാടിയെഴുന്നേറ്റു.
“എന്താ ഏട്ടാ? എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ? ” ദേവുവിന്റെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു .

“നീ ആ ടേബിളിന്റെ മുകളിൽ നിന്നു വിശറി ഒന്നെടുത്തു തരാമോ? ചൂടെടുത്തിട്ട് വയ്യാ ”
ദേവു മൊബൈലിന്റെ വെളിച്ചത്തിൽ വിശറിയെടുത്തിട്ട് മിഥുനരികിൽ ഒരു കസേരയിൽ വന്നിരുന്നു വീശാൻ തുടങ്ങി.

“ഏട്ടൻ ഉറങ്ങിക്കോ. ഞാൻ വീശിക്കൊളാം ”

പതിയെ മിഥുൻ കണ്ണുകളടച്ചു. രാവിലെ കണ്ണുതുറന്നപ്പോൾ തല തന്റെ കട്ടിലിൽ വെച്ചു ഇരുന്നുറങ്ങുന്ന ദേവുവിനെയാണ് അവൻ കണ്ടത്. തനിക്ക് വീശിത്തന്നിരുന്നു ഉറങ്ങിപോയതാണെന്നു അവനു മനസിലായി . അവനു അവളോട് എന്തെന്നില്ലാത്ത അലിവ് തോന്നി. പെട്ടന്ന് ദേവു കണ്ണുതുറന്നതും തന്നെ നോക്കികിടക്കുന്ന മിഥുനെ കണ്ടു അവൾക്ക് ജാള്യത തോന്നി. അവൾ ചാടിയെഴുന്നേറ്റ് മാറിനിന്നു.. അത് കണ്ടു അവനിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവസങ്ങൾ അങ്ങനെ കടന്നുപോയി.. ഏകദേശം രണ്ടുമാസത്തോളമായി ചികിത്സ തുടങ്ങിയിട്ട്.. ഈ സമയങ്ങളിൽ അത്രയും ദേവു വളരെ ആത്മാർത്ഥമായി തന്നെ മിഥുനെ പരിചരിച്ചു. ഒഴിവുള്ള സമയങ്ങളിൽ അവനു പുസ്തകം വായിച്ചുകൊടുത്തും, സമയാസമയങ്ങളിൽ ആഹാരം നൽകിയും, മരുന്നുണ്ടാക്കിയും, തിരുമ്മലിന്റെ സമയങ്ങളിൽ അവനു ആത്മവിശ്വാസം നൽകിയും, വേദന അനുഭവപ്പെടുമ്പോഴൊക്കെ രാവെന്നോ പകലെന്നോ ഇല്ലാതെ തലോടിയും സാന്ത്വനിപ്പിച്ചും ദേവു മിഥുന്റെ കൂടെ തന്നെ നിന്നു..ഇടക്ക് ഒന്നുരണ്ടു തവണ ഹർഷനും അജുവും അവനെ വന്ന് കണ്ടുപോയി..

അങ്ങനെയൊരു ദിവസം കഷായം ഉണ്ടാക്കി തിരുമ്മൽ മുറിയിലേക്ക് ചെന്നപ്പോഴാണ് ദേവു ആ കാഴ്ച്ച കണ്ടത്..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 12

മിഥുനം: ഭാഗം 13

മിഥുനം: ഭാഗം 14

മിഥുനം: ഭാഗം 15

മിഥുനം: ഭാഗം 16

Share this story