പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; ഇരുസഭകളിലും ഇന്നും പ്രതിഷേധത്തിന് സാധ്യത
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കർ പരാമർശത്തിൽ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പുറത്തെ പ്രതിഷേധം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം എംപിമാരുടെ യോഗം രാവിലെ പത്തരയ്ക്ക് നടക്കും.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വനിതാ എംപിയടക്കം നൽകിയ പരാതിയിൽ നടപടികൾ ശക്തമാക്കാനണ് ബിജെപിയുടെ നീക്കം. ബിജെപി എംപി നൽകിയ പരാതിയിൽ ഡൽഹി പോലീസും കേസെടുത്തിട്ടുണ്ട്. ഗുജറാത്ത് എംപി ഹേമങ് ജോഷി നൽകിയ പരാതിയിലാണ് കേസ്
ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയിരുന്നു. അതേസമയം അംബേദ്കറെ നെഹ്‌റു വഞ്ചിച്ചെന്ന് ആരോപിച്ച് ഭരണപക്ഷവും മുദ്രവാക്യം വിളികളുമായി എത്തി. പ്രതിപക്ഷത്തിന്റെ മാർച്ച് ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചുകയറിയതോടെ സംഘർഷസാധ്യതയും ഉടലെടുത്തിരുന്നു.