റാംസര്‍ മേധാവി ഫറാസാന്‍ ദ്വീപ് സന്ദര്‍ശിച്ചു
റിയാദ്: റാംസര്‍ മേധാവി സംരക്ഷിത പ്രദേശമായ ഫറാസാന്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചു. കണ്‍വന്‍ഷന്‍ ഓണ്‍ വെറ്റ് ലാന്റ്‌സ് സെക്രട്ടറി ജനറല്‍ മുസോണ്ട മുംമ്പയാണ് ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള രാജ്യാന്തര സഹകരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയത്. തെക്കന്‍ ചെങ്കടല്‍ മേഖലയിലുള്ള പരിസ്ഥിതിപരമായി ഏറെ സവിശേഷതകളും വൈവിധ്യങ്ങളുമുള്ള 170 ദ്വീപുകളുടെ കൂട്ടമാണ് ഫര്‍സാന്‍ ദ്വീപുകള്‍.
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിലും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ട സഊദിയിലെ പ്രധാനപ്പെട്ട പ്രദേശമാണിത്. ദ്വീപില്‍ ഫീല്‍ഡ് വിസിറ്റും സെക്രട്ടറി ജനറല്‍ നടത്തി. പ്രധാനമായും ദേശാടനപക്ഷികളെയും വംശനാശം നേരിടുന്ന ജീവി വര്‍ഗങ്ങളെയുമാണ് ഈ ദ്വീപ് സമൂഹങ്ങളില്‍ സംരക്ഷിക്കപ്പെടുന്നത്. റാംസര്‍ കണ്‍വന്‍ഷനില്‍ സഊദി അംഗമായിരിക്കുന്നത് കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെയുള്ള പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേയുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.