സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ സഊദിയും ഫ്രാന്‍സും ഒരുങ്ങുന്നു

റിയാദ്: തങ്ങള്‍ക്കിടയിലെ ഊഷ്മളമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ഫ്രാന്‍സും സൗദിയും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി സഊദി വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിരോധം, ഇന്ധനം എന്നിവയടക്കമുള്ള മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ കരാര്‍.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സഊദിയില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായകമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. സൗദി തലസ്ഥാനമായ റിയാദിലെ അല്‍ യമാമ കൊട്ടാരത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന് സല്‍മാന്‍ രാജകുമാരന്‍ സ്വീകരണമൊരുക്കിയത്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാനും ലെബനന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.