ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏത് സമയത്തും ഉംറക്ക് അവസരം ഒരുക്കിയതായി സഊദി
റിയാദ്: ഏത് സമയത്തും ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് സഊദി. വര്‍ഷത്തില്‍ ഏത് സമയത്തും ഉംറ നര്‍വഹിക്കാന്‍ അവസരം ഒരുക്കുമെന്നാണ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ഥാടന സേവനങ്ങള്‍ക്കായുള്ള സഊദിയുടെ ഔദ്യോഗിക ഡിജിറ്റല്‍ ഗേറ്റ്‌വേയായ നുസുക് പ്ലാറ്റ്‌ഫോം വഴി തീര്‍ഥാടകര്‍ക്ക് ഉംറ പാക്കേജ് സ്വന്തമാക്കാന്‍ സാധിക്കും.
സഊദി എയര്‍ലൈന്‍സിലോ, ഫ്ളൈനാസ് എയര്‍ലൈന്‍സിലോ സഊദിയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ സ്വന്തമാക്കാനും അവസരമുണ്ട്. സൗദിയില്‍ വിമാനം ഇറങ്ങിയ ശേഷം ഉംറ നിര്‍വഹിച്ച് അവര്‍ക്ക് യാത്ര തുടരാന്‍ ഇതുവഴി സാധിക്കും. നുസുക് വഴിയല്ലാതെ അംഗീകൃത വിസ കേന്ദ്രങ്ങള്‍ വഴിയായും ഉംറ വിസയ്ക്ക് അപേക്ഷിക്കാനാവും. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിന് എല്ലാ സന്ദര്‍ശകരും ഗ്രാന്‍ഡ് മസ്ജിദില്‍ എത്തുന്നതിന് മുന്‍പ് നുസുക്ക് ആപ്പ് വഴി ഉംറ പെര്‍മിറ്റ് ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.